CovidHealthKerala NewsLatest NewsLocal NewsNews

സംസ്ഥാനത്ത് 102 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു.

സംസ്ഥാനത്ത് 102 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു. ആഗസ്റ്റ് 3 ന് രാവിലെ 10.30ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മണ്ഡലാനുസരണം എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും.

കോവിഡ് പ്രതിരോധത്തിലുള്‍പ്പെടെ ജനകീയ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങല്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ 164 കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ബാക്കിയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയും ചെയ്യുന്നു. രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമായ 102 കുടുംബോരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് പ്രാദേശിയ തലത്തില്‍ തന്നെ മികച്ച സൗകര്യങ്ങളോട് കൂടിയ രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി സേവന മേഖല വിപുലമാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകിട്ട് ആറുവരെ ആക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും നിയമിക്കുകയും ചെയ്തു. നിത്യേനയുള്ള ജീവിതശൈലി രോഗ ക്ലിനിക്കുകള്‍, സ്വകാര്യതയുള്ള പരിശോധന മുറികള്‍, മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സകള്‍, ഡോക്ടര്‍മാരെ കാണുന്നതിനു മുമ്പ് നഴ്‌സുമാര്‍ വഴി പ്രീ ചെക്കപ്പിനുള്ള സൗകര്യം, രോഗി സൗഹൃദവും ജന സൗഹാര്‍ദ്ദവുമായ അന്തരീഷം എന്നിവയാണ് ആര്‍ദ്രം മിഷന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കൂടാതെ ആസ്മ, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ശ്വാസ് ക്ലിനിക്ക്, മാനസികാരോഗ്യ പരിചരണത്തിന് ആശ്വാസം ക്ലിനിക്ക്, ഫീല്‍ഡ് തലത്തില്‍ സമ്പൂര്‍ണ മാനസികാരോഗ്യ പരിപാടി, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ക്ലിനിക്കുകള്‍ എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പിലാക്കി വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button