വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയൂർ പുന്നമൂട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിലെ വിദ്യാർത്ഥികളെയാണ് ചികിത്സയ്ക്കായി ആശുപത്രിയിലാക്കിയത്.
സ്കൂളിലെ ഒരു വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ ഉപയോഗിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നതിനെ തുടർന്ന് ഏഴ് വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കും ശ്വാസതടസ്സം, കണ്ണ് കുരുക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടു. ഇവരെ ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് അവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
“ആറ് വിദ്യാർത്ഥികളെയാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത് — നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും. ഇവർ പ്ലസ് വൺ സയൻസ് ബാച്ചിലെ വിദ്യാർത്ഥികളാണ്. കുട്ടികൾ പറഞ്ഞതനുസരിച്ച് ‘റെഡ് കോപ്പ്’ എന്ന പേരിലുള്ള പെപ്പർ സ്പ്രേയാണ് ഉപയോഗിച്ചത്. അവർക്കു സാരമായ ശ്വാസതടസ്സമുണ്ടായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.” എന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. കൃഷ്ണ വേണി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂളിലെ സുരക്ഷാ സംവിധാനത്തെയും വിദ്യാർത്ഥികളുടെ ബാഗ് പരിശോധനയെയും സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tag: Pepper spray brought by student hits student and teacher, causing physical discomfort