പേരാമ്പ്ര സംഘർഷം; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ പൊലീസിന്റെ വാദം തള്ളി, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് രംഗത്ത്. ആറ് ദൃശ്യങ്ങളാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്. പൊലീസ് കോൺഗ്രസ് പ്രവർത്തകരെതിരെ കേസെടുത്തെങ്കിലും തെളിവുകളൊന്നും ഇല്ലെന്ന് പ്രവീൺ കുമാർ ആരോപിച്ചു.
“രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഒന്നിൽ ഷാഫി പറമ്പിൽ എംപി ഒന്നാം പ്രതിയും, ഞാൻ രണ്ടാം പ്രതിയുമാണ്. മറ്റൊന്ന് സ്ഫോടക വസ്തു എറിഞ്ഞ കേസാണ്. രണ്ടാം എഫ്ഐആറിൽ ആരുടെയും പേര് ഇല്ലെങ്കിലും, ഏഴ് പേരെ അറസ്റ്റ് ചെയ്ത് അഞ്ചുപേരെ കോടതിയിൽ ഹാജരാക്കി. ഇവർ എവിടെയാണ് സ്ഫോടക വസ്തു എറിഞ്ഞത്? ഫോറൻസിക് തെളിവുണ്ടോ? സംഭവം നടന്നിട്ട് ദിവസങ്ങൾക്കുശേഷമാണ് കേസ് എടുത്തത്. അപ്പോഴേക്കും ആയിരങ്ങൾ അതിലൂടെ കടന്നുപോയിരുന്നു. ഇതെല്ലാം മുഖം നഷ്ടപ്പെട്ട സിപിഐഎമ്മിന്റെയും വില കുറഞ്ഞ പൊലീസിന്റെയും മുഖം മിനുക്കലാണ്,” പ്രവീൺ കുമാർ ആരോപിച്ചു.
ടിയർ ഗ്യാസ് പൊലീസ് എറിയുന്നതും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പൊലീസ് ഗ്രനേഡ് എറിയുന്നതും അതിന്റെ പുകയിൽ പരിഭ്രാന്തരായ ജനങ്ങൾക്കിടയിലേക്ക് സ്ഫോടക വസ്തു പൊലീസിന്റെ ഭാഗത്തു നിന്ന് വരുന്നതും, ടിയർ ഗ്യാസ് പൊട്ടിത്തെറിക്കുന്നതുമുള്ള ദൃശ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
ഡിവൈഎസ്പി ഹരിപ്രസാദ് ഒരു കയ്യിൽ ലാത്തിയും മറ്റേ കയ്യിൽ ടിയർ ഗ്യാസ് ഷെല്ലുമായി നിൽക്കുന്ന ദൃശ്യവും ഉണ്ട്. “ഗ്രനേഡ് എറിയുമ്പോൾ എംപി അടുത്ത് ഉണ്ടെന്നതിനാൽ അത് എറിയരുതെന്ന് മറ്റൊരു പൊലീസുകാരൻ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്,” — പ്രവീൺ കൂട്ടിച്ചേർത്തു.
സ്ഫോടനം സൃഷ്ടിച്ചതും ഇരകളെ വേട്ടയാടിയതും പൊലീസാണെന്ന് പ്രവീൺ ആരോപിച്ചു. “സംഭവത്തിന് ശേഷം രണ്ട് ദിവസം കനത്ത മഴയുണ്ടായിരിന്നു. അതിനു ശേഷമാണ് ഫോറൻസിക് പരിശോധന നടത്തിയത്,” അദ്ദേഹം ചൂണ്ടിക്കാട്ടി.
“നമ്മുടെ തർക്കം പൊലീസുമായാണ്. സിപിഐഎമ്മിന് ഇതിൽ എന്താണ് പങ്ക്? പൊലീസിനെ വിമർശിച്ചതിന് കെ.സി. വേണുഗോപാലിനെയും ഷാഫി പറമ്പിലിനെയും ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്? സാധാരണ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ എംപി പങ്കെടുക്കുന്നത് കുറ്റമാണോ?” പ്രവീൺ ചോദിച്ചു. കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.
Tag: Perambra clash; Congress releases footage of the incident