പേരാവൂര്‍ ചിട്ടി തട്ടിപ്പ്: ജയരാജനെ ഒതുക്കാന്‍ ആയുധമാക്കി സിപിഎം
കണ്ണൂര്‍: പേരാവൂര്‍ സഹകരണ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയില്‍ നടന്ന ചിട്ടി തട്ടിപ്പ് പി. ജയരാജനെ ഒതുക്കാന്‍ ആയുധമാക്കുന്നു. അര്‍ജുന്‍ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയുമെല്ലാം വളര്‍ത്തിയത് പി. ജയരാജനാണെന്നാണ് എതിര്‍ചേരിയിലുള്ളവര്‍ പറഞ്ഞുപരത്തുന്നത്. ചിട്ടി നടത്തിപ്പിന് പി. ജയരാജന്‍ അനുമതി നല്‍കിയിരുന്നതായി സൊസൈറ്റി സെക്രട്ടറി പി.വി. ഹരിദാസ് ഉയര്‍ത്തിയ ആരോപണം ആയുധമാക്കുകയാണ് ഇവര്‍.
പാര്‍ട്ടി എസ്ഡിപിഐയ്ക്ക് കീഴടങ്ങരുത് എന്ന ഉദ്ദേശത്തോടെയാണ് പി. ജയരാജന്‍ കണ്ണൂരില്‍ ചില പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നാണ് പിജെ ആര്‍മിയിലുള്ളവര്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വം ജയരാജനെ വിഗ്രഹവത്കരിക്കുന്നു എന്നാരോപിച്ച് കടുത്ത നടപടികള്‍ക്ക് മുതിര്‍ന്നു. ലോക്‌സഭ ഇലക്ഷനില്‍ വടകര മണ്ഡലത്തില്‍ കെ. മുരളീധരനോട് തോറ്റ ജയരാജനെ ജില്ല സെക്രട്ടറി സ്ഥാനത്ത് തിരിച്ചുകൊണ്ടുവരാനും പാര്‍ട്ടി മുതിര്‍ന്നില്ല. കണ്ണൂരിലെ സഹകരണ സ്ഥാപനങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള തിട്ടൂരമാണ് അനുസരിക്കുന്നതെന്നും സഹകരണ വകുപ്പ് പറയുന്നതൊന്നും ബാധകമല്ലെന്നുമുള്ള ആരോപണം വര്‍ഷങ്ങളായുണ്ട്.
സിപിഎമ്മിന്റെ പ്രധാന വരുമാന സ്രോതസായ സഹകരണ പ്രസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ കൈകടത്തിയാല്‍ സാമ്പത്തിക നില എട്ടുനിലയില്‍ പൊട്ടുമെന്ന ബോധ്യമുള്ളതുകൊണ്ടാണ് ജയരാജനെതിരെ ചിട്ടിയെ സംബന്ധിച്ചുയര്‍ത്തിയ ആരോപണം തുടച്ചുനീക്കാന്‍ പാര്‍ട്ടി മിനക്കിട്ടറങ്ങിയത്. നിക്ഷേപകരുടെ പൈസ തിരിച്ചുനല്‍കാന്‍ ആവശ്യമായ നടപടികള്‍ക്ക് ഇപ്പോഴത്തെ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമോ എന്ന ഭീതി സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമുണ്ട്. ഇടപെട്ടാല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ മുതല്‍ സിപിഎം പടുത്തുയര്‍ത്തിയ എല്ലാ സ്രോതസുകളും ഒരുദിവസം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയും. കേരളത്തിലെ സഹകരണ സംഘങ്ങള്‍ ലോണ്‍ നല്‍കുന്നതും തിരിച്ചടവ് മുടങ്ങിയാലും നടപടികളെടുക്കാത്തതുമെല്ലാം പാര്‍ട്ടി നിര്‍ദേശപ്രകാരമാണെന്ന് പരസ്യമായ രഹസ്യമാണ്.
എന്തായാലും ജയരാജനെ ഒതുക്കാന്‍ ആയുധങ്ങള്‍ പുറത്തെടുക്കുമ്പോള്‍ തങ്ങളുടെ തന്നെ കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പേരാവൂര്‍ ചിട്ടി തട്ടിപ്പില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ഏതുവിധേനയും കേസ് ഒതുക്കി തീര്‍ക്കുവാനുള്ള പരിശ്രമങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും തുടങ്ങിയിട്ടുണ്ട്. നാലു കോടി രൂപയിലധികം തട്ടിപ്പ് നടത്തിയിട്ടും കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.