പെരിങ്ങോട്ടുകരയിലെ നവവധുവിന്റെ ദുരൂഹ മരണം, പ്രാഥമികാന്വേഷണത്തില്‍ വീഴ്ച, ഉദ്യോഗസ്ഥര്‍ക്കു സസ്പെന്ഷന്.

പെരിങ്ങോട്ടുകരയില്‍ നവവധു ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ പോലീസ് വീഴ്ച വരുത്തി. അസ്വാഭാവിക മരണമായിട്ടും പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വന്ന വീഴ്ച തുടരന്വേഷണത്തെ സാരമായി ബാധിച്ചിരുന്നു. അസ്വാഭാവിക മരണമായിട്ടും ജാഗ്രത കാണിക്കാതെ അന്വേഷണത്തില്‍ വരുത്തിയ വീഴ്ച കാണിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെന്റ് ചെയ്തത്.
അന്വേഷണത്തില്‍ വീഴ്ച വരുത്തിയ അന്തിക്കാട് എസ്എച്ച്ഒ പി.കെ. മനോജ്കുമാര്‍, എസ്ഐ കെ.ജെ. ജിനേഷ് എന്നിവരെ മധ്യമേഖല ഐജി അശോക് യാദവ് ആണ് സസ്പെന്‍ഡ് ചെയ്തത്. മുല്ലശേരി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്റെ മകള്‍ ശ്രുതിയാണ് ജനുവരി ആറിനു വിവാഹം കഴിഞ്ഞു പതിനഞ്ചാമത്തെ ദിവസം പെരിങ്ങോട്ടുകരയിലുള്ള ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്. ശ്രുതിയുടെ കഴുത്തിലും ശരീരത്തിലും പാടുകളുണ്ടായിരുന്നിട്ടും കുഴഞ്ഞുവീണു മരിച്ചു എന്ന നിലയിലാണ് പോലീസ് നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കാണപ്പെട്ട ശ്രുതിയെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിക്കാതെ ആംബുലന്‍സിനായി കാത്തുനിന്നതിലും ദുരൂഹതയുണ്ടായിരുന്നു. മരണം സംഭവിച്ച ശുചിമുറിയുള്‍പ്പെടെ സീല്‍ ചെയ്യാത്തതുമൂലം ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കാനും കഴിയാത്ത അവസ്ഥയിലായി.
തൃശൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തി, സ്വാഭാവിക മരണമെന്ന നിലയിൽ മൃതസംസ്കാരനടപടികളും നടത്തുകയാണ് ഉണ്ടായത്. മരണം സംബന്ധിച്ച് തുടക്കത്തിലെ ഭര്‍തൃവീട്ടുകാരുടെ മൊഴിയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മിലുള്ള പൊരുത്തക്കേടുകളാണ് മരണം കൊലപാതകമാണെന്നു സംശയിക്കാവുന്ന രീതിയില്‍ എത്തുന്നത്. ഫെബ്രുവരി 13നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് മരണത്തിലെ ദുരൂഹതകള്‍ ശ്രുതിയുടെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
കഴുത്തിലേറ്റ മര്‍ദവും മാറിടത്തിലുള്ള മുറിവുകളും റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. ശ്രുതിയുടെ പിതാവിനു പോലീസ് സര്ജന് നല്കിയ വിശദാംശങ്ങളും മരണത്തിലെ അസ്വാഭാവികതയിലേക്കു വിരല്‍ ചൂണ്ടി. ഭർത്താവ് അരുണിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തില്‍ ഇടപെടലുകള്‍ ഉണ്ടായതിനെ തുടർന്ന്, അന്തിക്കാട് പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നുമുള്ള ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറി. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാവാത്തതിനെതുടര്ന്ന് മുല്ലശേരി യുവചേതന ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനകീയ ആക്ഷന്‍ കൗണ്‍സില്‍ ഉണ്ടാക്കി ശക്തമായ സമരപരിപാടികള്‍ നടത്തി വരുന്നുണ്ട്. ശ്രുതിയുടെ പിതാവ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കു പരാതിയും നല്കി. പ്രശ്നത്തില്‍ ഇടപെട്ട മുരളി പെരുനെല്ലി എംഎല്‍എ അന്തിക്കാട് പോലീസിന് അന്വേഷണത്തിന്റെ തുടക്കത്തില്‍ വന്ന വീഴ്ചയാണ് കേസന്വേഷണം കൂടുതല്‍ ദുഷ്കരമാക്കിയതെന്നു മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നതാണ്.