ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി.

ബാലുശ്ശേരിയിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി.
നാട്ടുകാരുടെ സമര സമിതി, ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സമരസമിതിയെ കേള്‍ക്കാതെ പാരിസ്ഥിതികാനുമതി നല്‍കരുതെന്ന് കോടതി ഉത്തരവിട്ടതാണ് ഖനന നീക്കത്തിന് തിരിച്ചടിയായത്. ചൊവ്വാഴ്ച ചേരാനിരുന്ന സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതി യോഗം ഇതോടെ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഖനനം നടത്തുന്ന ഡല്‍റ്റ റോക്സ് പ്രൊഡക്ട്സ് കമ്പനിയാണ് കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോട്ടു മലയില്‍ 2015 മുതല്‍ ക്വാറി ആരംഭിക്കാനുള്ള നീക്കം നടത്തി വന്നത്. ഇതിനെതിരെ പ്രദേശവാസികള്‍ സമരം ആരംഭിച്ചെങ്കിലും സിപിഎം അടക്കമുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തില്‍ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. സമരത്തിന് പിന്തുണയുമായി ജനങ്ങള്‍ ഒന്നടങ്കം രംഗത്ത് വരികയും ടി.പി. രാജീവനടക്കമുള്ള എഴുത്തുകാര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ സിപിഎം കൂടി സമരരംഗത്ത് വരാന്‍ നിര്‍ബന്ധിതരായി. മാനദണ്ഡങ്ങള്‍ ലംഘിച്ച് പാരിസ്ഥിതിക അനുമതി നല്കാന് ഏകജാലക ബോര്‍ഡ് വഴി നടത്തിയ പരിശ്രമത്തിന് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് അടക്കം അനുകൂല നിലപാട് എടുക്കുകയായിരുന്നു. ചൊവ്വാഴ്ച സംസ്ഥാന ഏകജാലക ബോര്‍ഡ് യോഗം ചേരാനിരിക്കെ മുഖം രക്ഷിക്കാൻ പ്രാദേശിക സിപിഎം നേതൃത്വം ഇക്കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ സമരരംഗത്ത് വരുകയായിരുന്നു. സിപിഎം ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവരടക്കമാണ് സമരത്തില്‍ പങ്കെടുത്തത്.