വിദ്യാഭ്യാസ വായ്പയുടെ പേരിൽ ജപ്തി ഭീക്ഷണിക്കിടയിൽ, കഷ്ടതയുടെ ഓർമ്മകളുമായി ബ്ലസി ഡോക്ടറായി.

പാലക്കാട്. കല്ലടിക്കോട് പാലക്കയത്തെ മലയോര കർഷക കുടുംബത്തിന്റെ സ്വപ്ന സാക്ഷാത്കാരമായി ബ്ലസി ഇനി നാടിന്റെ ഡോക്ടർ. സമീപ പഞ്ചായത്തായ കാഞ്ഞിരപ്പുഴ ആരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിലാണ് ഡോ. ബ്ലസിക്ക് നിയമനം ലഭിച്ചത്. നാടിന്റെ സഹകരണം കണ്ടും അനുഭവിച്ചും വളർന്ന ബ്ലസി ആദ്യം നാട്ടിൽ തന്നെ നിയമനം ലഭിച്ച സന്തോഷത്തിലാണ്.

ബ്ലസിയെ ഡോക്ടറാക്കാനായി എടുത്ത വിദ്യാഭ്യാസ വായ്പ മുടങ്ങിയതിന്റെ പേരിൽ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തതിനെത്തുടർന്നുണ്ടായ ദുരിതവും വന്യമൃഗ ശല്യം നേരിടുന്ന ഇഞ്ചിക്കുന്ന് മലയോരത്തെ ചെറിയ വീടിനു മുന്നിൽ ഷീറ്റ് വിരിച്ച് കഴിഞ്ഞ നാളുകളും അതിജീവിച്ചാണ്, പ്രതീക്ഷയുമായാണ് ഈ മിടുക്കി ജോലിക്കെത്തുന്നത്. പാലക്കയം ഇഞ്ചിക്കുന്ന് മാഞ്ചിറയിൽ തോമസ് ബാബു വിന്റെ മൂത്ത മകൾ ബ്ലസിയെ യുക്രെയ്നിൽ അയച്ച് എംബിബിഎസ് പഠിപ്പിക്കാനായി വീടും സ്ഥലവും പണയംവച്ച് 9.37 ലക്ഷം രൂപ വായ്പയെടുത്തത്. ജോലി ലഭിച്ച് സ്വയം വായ്പ തിരിച്ചടക്കാനാകും എന്ന പ്രതീക്ഷയിലിരിക്കെയായിരുന്നു ജപ്തി ഭീക്ഷണി ഉണ്ടായത്. പിന്നീട് കുറച്ച് പണം ബാങ്കിനു നൽകി ജപ്തി
ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് അധ്യക്ഷൻ പി. മണികണ്ഠനും ഭരണസമിതിയും നാടിന്റെ സ്വന്തം ഡോക്ടർക്കു നൽകുന്ന പിന്തുണയാണ് ഇക്കാര്യത്തിൽ സുപ്രധാനമായത്.