CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

കോവിഷീല്‍ഡ് കോവിഡ് വാക്‌സീന്റെ ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി.

ന്യൂഡല്‍ഹി / ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി. ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഷീല്‍ഡ് വാക്‌സീന്റെ ഉപയോഗത്തിനാണ് വിദഗ്ധ സമിതി അനുമതി നല്‍കിയത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി കൂടി വരുന്നതോടെ ഇന്ത്യയിൽ കോവിഷീല്‍ഡ് വാക്‌സീന്റെ വിതരണത്തിനു തുടക്കം കുറിക്കും. 30 കോടിപ്പേർക്കാണ് ആദ്യം രാജ്യത്ത് വാക്‌സിൻ ലഭ്യമാക്കുക.കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ കാര്യക്ഷമത ഉറപ്പിക്കാൻ ശനിയാഴ്ച രാജ്യമാകെ ഡ്രൈ റണ്‍ റിഹേഴ്‌സല്‍ നടക്കാനിരിക്കെയാണ്‌ കോവിഷീല്‍ഡ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നാണ് യുകെ, ബ്രസീല്‍ എന്നിവിടങ്ങളിൽ നിന്നുള്ള നടന്ന ട്രയല്‍ഫലം വ്യക്തമാക്കിയിരുന്നത്.

കോവിഡ് വാക്‌സീന്‍ കുത്തിവയ്പ് നടത്താന്‍ രാജ്യത്താകെ 96,000 വാക്‌സിനേറ്റര്‍മാര്‍ക്കു പരിശീലനം നല്‍കി. കോവിഡ് വാക്‌സീന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് 104 എന്ന നമ്പരിലും കോവിഡ് ഹെല്‍പ്‍ലൈൻ നമ്പരായ 1075ലും ബന്ധപ്പെടാവുന്നതാണ്. ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാന് വാക്‌സിൻ വിതരത്തിൽ ആദ്യം മുൻഗണന നൽകുക. ആശ വര്‍ക്കര്‍മാര്‍ മുതല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും ഇതിൽ പെടും.2 കോടി വരുന്ന ശുചീകരണത്തൊഴിലാളികള്‍ ഉള്‍പ്പെടെ മുനിസിപ്പല്‍ ജീവനക്കാര്‍, പൊലീസ്, ഹോം ഗാര്‍ഡ്, മറ്റു സേനാവിഭാഗങ്ങള്‍ക്കും വാക്‌സിൻ നൽകും. 26 കോടി വരുന്ന രാജ്യത്തെ 50 വയസ്സിനു മുകളിലുള്ളവര്‍, ഒരു കോടി വരുന്ന 50 വയസ്സിനു താഴെയുള്ള, മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവർക്കാണ് ആദ്യം വാക്‌സിൻ ലഭ്യമാക്കുക.

മുന്‍ഗണനാ വിഭാഗത്തിലെ 30 കോടി പേര്‍ക്ക് ഓഗസ്റ്റിനു മുന്‍പായി വാക്‌സീന്‍ നല്‍കാനാണു കേന്ദ്ര സര്‍ക്കാർ ഉദ്ദേശിക്കുന്നത്. വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് സൗജന്യമായിട്ടായിരിക്കും വാക്‌സിൻ നൽകുക. കമ്പനികളില്‍നിന്നു വാക്‌സീന്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കു കൈമാറും. വ്യക്തികള്‍ക്കു സ്വന്തം നിലയില്‍ വാക്‌സീന്‍ വാങ്ങാന്‍ ഇപ്പോൾ കഴിയില്ല. സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകള്‍ക്കു രോഗം വന്നുപോയതിലൂടെയോ വാക്‌സീന്‍ നല്‍കുന്നതിലൂടെയോ ആന്റിബോഡി രൂപപ്പെടുമ്പോഴാണ് ഹേഡ് ഇമ്യൂണിറ്റി (സമൂഹ പ്രതിരോധശേഷി) ഉണ്ടാകുന്നത്. രണ്ടു രീതിയിലും കൂടുതല്‍ ആളുകള്‍ പ്രതിരോധശേഷി കൈവരിക്കുന്ന തോടെ വൈറസ് വ്യാപന സാധ്യത കുറയും.കോവിഡ് വാക്‌സീന്‍ നല്‍കുന്നതു പ്രധാനമായും ഈ പരോക്ഷ പ്രതിരോധം ലക്ഷ്യമിട്ടാണ്. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെ 12 ഇന രേഖകളില്‍ ഒന്നു മതി വാക്‌സീന്‍ ലഭിക്കാന്‍. അറിയിപ്പുകള്‍ എസ്എംഎസിലൂടെ നല്‍കും. ഫോണില്ലാത്തവരെ നേരിട്ടറിയിക്കും. കോവിഡ് വാക്‌സീന്‍ നിര്‍ബന്ധിതമാക്കില്ലെങ്കിലും എടുക്കുന്നതാണ് ഉചിതമെന്നു സര്‍ക്കാര്‍ പറയുന്നു.

വാക്‌സീന്‍ വിതരണത്തി കേരളവും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി വരുകയാണ്. ഏകദേശം 13,000 വാക്‌സീന്‍ വിതരണ കേന്ദ്രങ്ങളും 7000 വാക്‌സിനേറ്റര്‍മാരും സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുണ്ട്. വാക്‌സീന്‍ സംഭരണത്തിനായി 1240 കോള്‍ഡ് ചെയിന്‍ പോയിന്റുകളും ഡീപ് ഫ്രീസറുകളും സജ്ജമാണ്. വാക്‌സിൻ വിതരണത്തിനുള്ള ഡ്രൈ റണ്‍ റിഹേഴ്‌സലിന്റെ ഭാഗമായി സംസ്ഥാന തലസ്ഥാനങ്ങളിലെ 3 വിതരണ കേന്ദ്രങ്ങളിലെങ്കിലും പരീക്ഷണം നടത്താനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഓരോ വിതരണ കേന്ദ്രത്തിന്റെയും ചുമതലയുള്ള മെഡിക്കല്‍ ഓഫിസര്‍ 25 ആരോഗ്യ പ്രവര്‍ത്തകരെ ഡ്രൈ റണ്ണിനായി കണ്ടെത്തണമെന്നും, ഇവരുടെ വിവരങ്ങള്‍ കോവിന്‍ ആപ്ലിക്കേഷനില്‍ നല്‍കണമെന്നും, വിതരണ കേന്ദ്രത്തിലേക്ക് ഇവര്‍ നേരിട്ടെത്തി ഡമ്മി വാക്‌സീന്‍ സ്വീകരിക്കുന്നതു വരെയുള്ള വിവരങ്ങൾ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. രോഗികൾക്ക് കാത്തിരിപ്പു മുറി, വാക്‌സീന്‍ വിതരണ മുറി, നിരീക്ഷണ മുറി എന്നിവയടക്കം സംസ്ഥാനങ്ങൾ ഉറപ്പാക്കണം. പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേകം കവാടങ്ങളാണ് വേണ്ടത്. കേരളവും മഹാരാഷ്ട്രയും തലസ്ഥാന ജില്ലയ്ക്കു പുറത്തുള്ള നഗരങ്ങളിലാണ് ഡ്രൈ റണ്‍ നടത്താന്‍ സാധ്യതയെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. വാക്‌സീന്‍ വിതരണത്തിന്റെ പരീക്ഷണം രാജ്യത്ത് നടത്തിക്കഴിഞ്ഞു. പഞ്ചാബ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ 8 ജില്ലകളില്‍ നടത്തിയ ഡ്രൈ റണ്‍ റിഹേഴ്‌സല്‍ വിജയകരമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button