ആഗോള അയ്യപ്പസംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

പമ്പാ തീരത്ത് നടക്കാനിരിക്കുന്ന ആഗോള അയ്യപ്പസംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി സംസ്ഥാന സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികൾക്കായി വിനിയോഗിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഈ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് നാളെ സുപ്രീംകോടതിയിൽ ആവശ്യപ്പെടും.
അയ്യപ്പ ഭക്തനായ ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹർജി സമർപ്പിച്ചത്. അയ്യപ്പസംഗമം സംസ്ഥാന സർക്കാർ തന്നെ തയ്യാറാക്കിയ പരിപാടിയായാണ് കാണേണ്ടതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. നിരീശ്വരവാദികളായ രാഷ്ട്രീയക്കാരെ പരിപാടിയിലേക്ക് ക്ഷണിച്ചതിലൂടെ ഇതു വ്യക്തമായെന്നും അദ്ദേഹം പറയുന്നു. ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങളിൽ ഒന്നായ മതേതര്വതം ലംഘിച്ച് സർക്കാർ ഒരു മതവിഭാഗത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഹർജിയിൽ ആരോപണം.
അയ്യപ്പസംഗമം തടയാതെ പോയാൽ ഭാവിയിൽ മതസംഗമങ്ങളുടെ പേരിൽ സർക്കാരുകൾക്ക് രാഷ്ട്രീയ പരിപാടികൾ സംഘടിപ്പിക്കാൻ വഴിതെളിയും എന്ന മുന്നറിയിപ്പും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇത്തരം ആഗോള സംഗമം നടത്താനുള്ള അധികാരമില്ലെന്നും ദൈവത്തിന് സമർപ്പിക്കപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കോ പ്രചാരണങ്ങൾക്കോ വിനിയോഗിക്കാനാവില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
കൂടാതെ, പമ്പാ തീരം പരിസ്ഥിതി ലോല മേഖലയാണെന്നും അവിടെ സംഗമം നടത്തുന്നത് ഹൈക്കോടതിയുടെ മുൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജിക്കാരൻറെ വാദങ്ങൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പി.ബി. കൃഷ്ണനും അഭിഭാഷകൻ എം.എസ്. വിഷ്ണു ശങ്കറും ഹാജരാകും.
Tag: Petition filed in Supreme Court seeking to stop global Ayyappa gathering