‘സൂപ്പര്‍ സ്പ്രെഡര്‍’ ഉണ്ടാകാന്‍ സാധ്യത, ആഘോഷങ്ങള്‍ക്ക് ഇളവ് നല്‍കരുത്; കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ദില്ലി: രാജ്യത്ത് കോവിഡ് വ്യാപന ആശങ്ക നിലനില്‍ക്കേ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത ആഴ്ചകളില്‍ നടക്കാനിരിക്കുന്ന ഓണം, മുഹറം ,ജന്മാഷ്ടമി, ഗണേശ് ചതുര്‍ത്ഥി അടക്കമുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.
ആഘോഷങ്ങള്‍ സൂപ്പര്‍ സ്പ്രെഡര്‍ ഉണ്ടാക്കാന്‍ ഇടയുണ്ടെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കി. ടെസ്റ്റ് – ട്രാക്ക് – ട്രീറ്റ് കൂടാതെ വാക്സിനേഷനും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ,അല്ലായെങ്കില്‍ രോഗ പ്രതിരോധത്തില്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ കത്തില്‍ ഓര്‍മിപ്പിച്ചു.
കേരളത്തില്‍ ഇപ്പോഴും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മാസങ്ങള്‍ അടച്ചിട്ടിട്ടും രോഗവ്യാപനം കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നയത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. അതോടൊപ്പം സംസ്ഥാനത്തെ മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നും രോഗം കണ്ടെത്തുന്നതില്‍ മെല്ലെപ്പോക്കെന്നും കേന്ദ്രസംഘം കേരളത്തെ കുറ്റപ്പെടുത്തുന്നു. മാത്രമല്ല സമ്ബര്‍ക്കപ്പട്ടിക തയാറാക്കുന്നതിലും വീഴ്ച വരുത്തുന്നുണ്ടെന്നും കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗികളില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് വൈറസ് പടരുന്നത്. അതേസമയം കേരളത്തിലെ 90 ശതമാനം രോഗികളും ഇപ്പോള്‍ വീട്ടുനിരീക്ഷണത്തിലാണ്. ഇത് രോഗം പടരാന്‍ കാരണമാവുന്നുവെന്നാണ് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം സംസ്ഥാനത്ത് ഇന്ന് മുതല്‍ കടകളില്‍ എത്താന്‍ കോവിഡ് ഇല്ലെന്ന രേഖ നിര്‍ബന്ധം. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ സ്വീകരിച്ച രേഖയോ ആണ് കരുതേണ്ടത്. പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതില്‍ താഴേത്തട്ടില്‍ ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം.
തിരുവനന്തപുരത്തടക്കം കടകളിലെത്താന്‍ കടകളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്, കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ്, രോഗംമാറിയ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കുമെന്ന് കളക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. ഇന്ന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് തദ്ദേശസ്ഥാപന പ്രതിനിധികള്‍ പറയുന്നത്.