സർവ്വേ ഫലം കണ്ട് കോൺഗ്രസ് വിഭ്രാന്തിയിൽ ; ആര് അടുത്ത പ്രതിപക്ഷ നേതാവാകുമെന്ന തർക്കമാണ് നടക്കുന്നതെന്ന് കോടിയേരി

തിരുവനന്തപുരം: മാധ്യമങ്ങൾ പുറത്തു വിട്ട സർവ്വേ ഫലം കണ്ട് കോൺഗ്രസ് വിഭ്രാന്തിയിലായിരിക്കുകയാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിൽ ഇപ്പോൾ ആര് അടുത്ത പ്രതിപക്ഷ നേതാവാകുമെന്ന തർക്കമാണ് നടക്കുന്നതെന്നും കോടിയേരി പരിഹസിച്ചു. എന്നാൽ മാധ്യമങ്ങൾ പുറത്തു വിട്ട സർവ്വേ റിപ്പോർട്ടുകൾ ഇടതുപക്ഷം വിശ്വസിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.
എല്ലാ സർവ്വേ റിപ്പോർട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. ഇത് യുഡിഎഫിനെ വിളറി പിടിപ്പിച്ചിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ സർവ്വേ റിപ്പോർട്ടിന്റെ ഒരു ആവശ്യവുമില്ല. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ കേരളത്തിൽ തുടർ ഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. സർവ്വേ റിപ്പോർട്ടുകളിൽ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പിന് തലേ ദിവസം സർവ്വേ ഫലം യുഡിഎഫിന് അനുകൂലമാണെന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.