ഡ്രൈവിംഗിനിടെ ഷൂട്ടിംഗ് നടത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പ് കട്ട് പറയും
തിരുവനന്തപുരം: വാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങള്‍ കൂടി വന്നതോടെ അമിതവേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് കടിഞ്ഞാണിടാനായി മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ നിരവധി ചട്ടങ്ങള്‍ പ്രാഭല്യത്തില്‍ കൊണ്ടു വന്നിട്ടുണ്ട്. അത്തരത്തില്‍ ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഷൂട്ടിംഗ് നടത്തുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ ആദ്യം പിഴ കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് എന്ന രീതിയിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് നിയമങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നു.
തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ചുകൊണ്ടാണ് വിശേഷം പങ്കുവയ്ക്കുന്ന പല വ്‌ളോഗര്‍മാര്‍ക്കും ഇത് വെല്ലുവിളി ശ്യഷ്ടിക്കുമെന്ന് തീര്‍ച്ച. 2017ലെ ഡ്രൈവിംഗ് റെഗുലേഷന്‍സ് പ്രകാരം വാഹനത്തിന്റെ നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കാന്‍ മാത്രമേ യാത്രക്കിടെ ഡ്രൈവര്‍ക്ക് അനുവാദമുള്ളു
അതായത് ഡ്രൈവറുടെ കാഴ്ചയോ ശ്രദ്ധയോ തടസപ്പെടുത്തുന്ന വിധത്തിലുള്ള യാതൊന്നും വാഹനത്തില്‍ ഉണ്ടാകരുത്. വാഹനത്തിലുള്ളവര്‍ അനാവശ്യമായി ഡ്രൈവറോട് സംസാരിക്കുന്നതും ഉയര്‍ന്ന ശബ്ദത്തില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതും മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതും നിയമവിരുദ്ധമാണ് എന്നതാണ് ചട്ടം
എന്നാല്‍ ഇവയെയൊക്കെ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ നിരത്തിലൂടെ ചീറിപായുന്നത്. ഇത്തരത്തില്‍ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കുന്നതോടെ ഇനിയെങ്കിലും അഭ്യാസപ്രകടനങ്ങളിലൂടെ റോഡില്‍ ജീവന്‍ പൊലിയില്ലെന്ന് കരുതാം.