യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ സീരിയൽ നടൻ ഉൾപ്പടെ മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ സീരിയൽ നടൻ ഉൾപ്പടെ മൂന്നുപേർ പിടിയിൽ. യുവതിയുടെ ബന്ധുവായ തിരുവനന്തപുരം മെഡി. കോളജിലെ ദന്ത ഡോക്ടർ, സീരിയൽ നടനായ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജസീർ ഖാൻ, സുഹൃത്ത് നെടുമങ്ങാട് വേങ്കവിള സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് തിരുവനന്തപുരം ഫോർട്ട് പോലിസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജ നഗ്നചിത്രങ്ങളാക്കി ഭർത്താവിന്റെയും ബന്ധുക്കളുടെയും വാട്സാപ്പ് നമ്പറുകളിലേക്ക് അയച്ചുനൽകിയെന്ന പരാതിയിലാണ് അറസ്റ്റ്.
യുവതിയുടെ അമ്മയുടെ സഹോദരിയുടെ മകനായ ദന്ത ഡോക്ടറാണ് സംഭവത്തിന് പിന്നിലെ മുഖ്യ ആസൂത്രകനെന്ന് പോലിസ് പറഞ്ഞു. ഇയാളുടെ നിർദേശപ്രകാരമാണ് ജസീർ ഖാൻ തന്റെ കൈവശമുള്ള ഫോണിൽനിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചുനൽകിയത്. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ജസീർ ഖാന് സിം കാർഡ് എടുത്തുനൽകിയതാണ് ശ്രീജിത്തിനെതിരേയുള്ള കുറ്റം.വ്യാജ നഗ്നചിത്രങ്ങൾ അയച്ച മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൂന്ന് പേരും കുടുങ്ങിയത്