ശബരിമലയിലെ തീര്‍ഥാടന നിയന്ത്രണങ്ങള്‍ ഭക്തരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നു: ക്ഷേത്ര ആചാര സംരക്ഷണ സമിതി
പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കാന്‍ ഏതാനും നാളുകള്‍ മാത്രം ബാക്കിയിരിക്കെ കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ ഭക്തജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി ആരോപിച്ചു.
അശാസ്ത്രീയവും യുക്തിരഹിതവുമായ നിയന്ത്രണങ്ങള്‍ ശബരിമല തീര്‍ഥാടനം അട്ടിമറിക്കാനുള്ള ശ്രമമായി കാണേണ്ടതായി വരും. പമ്പയിലെ സ്‌നാനത്തിനും പിതൃതര്‍പ്പണത്തിനും പമ്പാസംഗമത്തിനും പമ്പാസദ്യക്കും പമ്പാവിളക്കിനും മറ്റും കോവിഡ്-19 മഹാമാരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ്. കാനനപാതയിലെ തീര്‍ഥാടനത്തിനും പരമ്പരാഗതപാതിയില്‍ അപ്പാച്ചിമേട്ടിലെ ഉണ്ടയേറു വഴിപാട്, ശബരീപീഠം-ശരംകുത്തി ആല്‍ തീര്‍ഥാടനകര്‍മങ്ങള്‍, മുതലായവ ഭക്തര്‍ക്ക് നിഷേധിക്കപ്പെടുകയാണ്.
വിരി വയ്ക്കാന്‍ അനുവദിക്കാത്തതിനാല്‍ ശബരിമല തീര്‍ഥാടനത്തിലെ പരമപ്രധാനമായ നെയ്യഭിഷേകം യഥാവിധി നടത്താന്‍ ഭക്തര്‍ക്ക് സാധിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പഭക്തര്‍ക്ക് ഇടത്താവളങ്ങളില്‍ വരി വയ്ക്കാന്‍ അവസരമൊരുക്കുമ്പോള്‍ ശബരിമലയില്‍ മാത്രം നിഷേധിക്കുന്നത് യുക്തിരഹിതമാണ്. മാളികപ്പുറത്തെ ആചാരങ്ങളുടെ ഭാഗമായ പറകൊട്ടിപ്പാട്ട് പുള്ളുവന്‍പാട്ട് എന്നിവയും തീര്‍ത്തും ഒഴിവാക്കാനാകാത്ത ഭസ്മക്കുളം- ഉരക്കുഴി തീര്‍ഥങ്ങളിലെ സ്‌നാനവും വിലക്കിയിരിക്കുകയാണ്. ശബരിമല തീര്‍ഥാടനത്തെ ലാഘവപൂര്‍വം കൈകാര്യം ചെയ്യുന്ന നിരുത്തരവാദപരമായ സമീപനം വെടിയണമെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി കേരള സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടു.
ക്ഷേത്ര ആചാര സംരക്ഷണ സമിതി അധ്യക്ഷന്‍ പി.ജി. ശശികുമാര്‍ വര്‍മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസിസമൂഹത്തോട് ആഹ്വാനം ചെയ്തു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം കാര്യദര്‍ശി നാരായണ വര്‍മ, ഖജാന്‍ജി ദീപ വര്‍മ, ക്ഷേത്ര ആചാര സംരക്ഷണ സമിതി മുഖ്യകാര്യദര്‍ശി പ്രസാദ് കുഴിക്കാല, ഖജാന്‍ജി അഡ്വ. സി.ഡി. അനില്‍, സഹകാര്യദര്‍ശി എം. ആര്‍. അനില്‍കുമാര്‍, പൃഥ്വിപാല്‍ എന്നിവര്‍ പങ്കെടുത്തു.