അധികാരത്തിലെത്തിയാൽ എല്ലാവർക്കും സൗജന്യ വാക്‌സിനേഷനെന്ന് ബിജെപി: ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടം
കൊൽക്കത്ത: മമതയുടെ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന ബംഗാളിൽ ഭരണത്തിലെത്തിയാൽ എല്ലാവർക്കും കൊറോണ വാക്‌സിൻ സൗജന്യമായി നൽകുമെന്ന് ബിജെപി. സർക്കാർ അധികാരത്തിലെത്തിയാലുടൻ വാക്‌സിൻ നൽകുമെന്നാണ് ട്വിറ്ററിലൂടെ പാർട്ടി നൽകിയിരിക്കുന്ന വാഗ്‌ദ്ധാനം.
സംസ്ഥാനങ്ങൾക്ക് സ്വന്തമായി വാക്‌സിൻ വാങ്ങാവുന്നതാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് എതിരായി വലിയ വിമർശനമാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉന്നയിച്ചത്. കേന്ദ്ര വാക്‌സിൻ നയം കമ്പോളത്തിന് അനുകൂലവും ജനതാൽപര്യങ്ങൾക്ക് വിരുദ്ധവുമാണെന്നായിരുന്നു മമതയുടെ വിമർശനം. എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപിയുടെ പ്രഖ്യാപനം.
പ്രതിസന്ധി ഘട്ടത്തിൽ വാണിജ്യ താൽപര്യം വാക്‌സിൻ കമ്പനി കാട്ടരുതെന്ന് മമത പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോൾ ആവശ്യപ്പെട്ടിരുന്നു. മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുളളവർക്ക് വാക്‌സിൻ നൽകാമെന്നും അതിന്റെ രജിസ്‌ട്രേഷൻ ഏപ്രിൽ 28ന് ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. വാക്‌സിൻ ഉൽപാദിപ്പിക്കുന്നവരിൽ നിന്ന് സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും നേരിട്ട് വാക്‌സിൻ വാങ്ങാമെന്നതായിരുന്നു കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വാക്‌സിൻ നയം.