സ്‌കൂളുകൾ തുറക്കാൻ വൈകും; സാഹചര്യം അനുകൂലമാകും വരെ ഓൺലൈൻ ക്ലാസ്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയത് പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാഹചര്യം അനുകൂലമാകുമ്ബോൾ സ്‌കൂളുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾക്കായി 3,74,270 ഹൈടെക് ഉപകരണങ്ങൾ നൽകി കഴിഞ്ഞു. എട്ട് മുതൽ പ്ലസ്ടുവരെ 45,000 ഹൈടെസ് ക്ലാസ് മുറികളും സാധ്യമായി. നേട്ടങ്ങളെല്ലാം ഞങ്ങൾക്ക് മാത്രമാണുള്ളത് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ചിലത് മറ്റുള്ളവരും ചെയ്തിട്ടുണ്ടാവാം. അത് പൂർത്തിയാക്കാൻ ഈ സർക്കാരിനും കഴിഞ്ഞു. ഇത് നാടിന്റെ നേട്ടമായി കാണണം. നേടിയ നേട്ടങ്ങൾ മറച്ച് വെക്കാൻ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂതനമായ പഠന സംവിധാനങ്ങൾ ഉപയോഗിച്ച് പഠിച്ചു വളരാനുള്ള സൗകര്യം ഇതോടെ സംസ്ഥാനത്തെ എല്ലാ കുഞ്ഞുങ്ങൾക്കും ലഭ്യമാകുന്ന സ്ഥിതിവിശേഷം സംജാതമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.