പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസ്സാണ് പുഴുവരിച്ചത്, ഐഎംഎയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമേഖല പുഴുവരിച്ചുവെന്ന് പറയുന്നവരുടെ മനസ്സാണ് പുഴുവരിച്ചതെന്ന രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹിക്കുന്ന വിമര്‍ശനങ്ങള്‍ തന്നെയാണോ ഇത്തരക്കാര്‍ ഉയര്‍ത്തുന്നതെന്ന് സ്വയം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഐ.എം.എയുടെ വിമര്‍ശനം ശരിയായ നടപടിയല്ല. സ്വയം വിദഗ്ധര്‍ എന്നു കരുതുന്നവര്‍ തെറ്റിദ്ധാരണ പരത്തുന്നു. ആരോഗ്യവകുപ്പിനെ പുഴുവരിച്ചു പോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ്സ് പുഴുവരിച്ചവര്‍ക്ക് മാത്രമേ കേരളത്തില്‍ പറയാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദഗ്ദ്ധരെ സര്‍ക്കാര്‍ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ വിദഗ്ദ്ധര്‍ എന്നു സ്വയം കരുതുന്നവരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടില്ല. കേരളത്തിന്റെ ആരോഗ്യരംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരുവകയുമുണ്ടായിട്ടില്ല. ആവശ്യമായ കരുതലോടെ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന് എന്തെങ്കിലും വീഴ്ചയുണ്ടായെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്.ആവശ്യമില്ലാത്ത രീതിയിലുള്ള പ്രതികരണം വരുമ്പോൾ പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുണ്ടാകണ്ട എന്ന് കരുതിയാണ് ഇത് പറയേണ്ടിവന്നത്. ആരോഗ്യവിദഗ്ധരാണെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യരംഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കരുത്. മറ്റെന്തെങ്കിലും മനസില്‍ വച്ചുകൊണ്ടാണെങ്കില്‍ അതൊന്നും ഏശില്ല എന്നേ പറയാനുള്ളൂ. മുഖ്യമന്ത്രി പറഞ്ഞു