ഇന്ത്യയിലേക്ക് നാടുകടത്തരുതെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് കോടതിയെ സമീപിച്ച് നീരവ് മോദി
ലണ്ടന്‍: ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നീരവ് മോദി വീണ്ടും ബ്രിട്ടീഷ് കോടതിയില്‍. ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്താണ് നീരവ് മോദി യു.കെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
ഏപ്രില്‍ 15 നാണ് നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. യുകെ ആഭ്യന്തരമന്ത്രിയാണ് നീരവിനെ ഇന്ത്യയിലേക്ക് നാടു കടത്താന്‍ നിര്‍ദ്ദേശം നല്‍കുന്ന ഉത്തരവില്‍ ഒപ്പുവെച്ചത്. നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് യുകെ ആഭ്യന്തര മന്ത്രി ഉത്തരവില്‍ ഒപ്പുവെച്ചത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 14000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികള്‍ സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് രേഖകള്‍ ഉപയോഗിച്ചാണ് നീരവ് മോദി തട്ടിപ്പ് നടത്തിയത്.