വിവരാവകാശത്തിനും വിലകൂട്ടി പിണറായി
തിരുവനന്തപുരം: വിവരാവകാശ നിയമത്തിനു ലഭിക്കുന്ന മറുപടിക്കൊപ്പമുള്ള രേഖകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിച്ചു. വിവരാവകാശ നിയമ പ്രകാരം നല്‍കുന്ന മറുപടികള്‍ക്കൊപ്പമുള്ള അനുബന്ധ രേഖകള്‍ക്ക് അമിത ഫീസ് ഈടാക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുബന്ധ രേഖകള്‍ക്ക് ഈടാക്കുന്ന ഫീസ് നിരക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നു വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
എഫോര്‍ സൈസിലുള്ള പേജ് ഒന്നിന് മൂന്ന് രൂപയും സിഡി, ഫ്‌ളോപ്പി ഡിസ്‌ക് അടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് 75 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഇത് സംബന്ധിച്ച അസാധാരണ വിജ്ഞാപനം സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തിറക്കി. എഫോര്‍ സൈസിലുള്ള പേജ് ഒന്നിനു രണ്ട് രൂപയും സിഡി, ഫ്‌ളോപ്പി ഡിസ്‌ക് അടക്കമുള്ള മാധ്യമങ്ങള്‍ക്ക് 50 രൂപയുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.