ജാഗ്രതെ…. ഓണ്‍ലൈന്‍ ഗെയിമുകള്‍ മരണക്കെണികളാകുന്നു
ഷൊര്‍ണൂര്‍: ഓണ്‍ലൈന്‍ ഗെയിമുകള്‍ മരണക്കെണികളാകുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളുടെ ജീവന്‍ അപഹരിക്കുന്ന രീതിയിലേക്ക് മാറുന്നതായാണ് പോലീസ് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളില്ലാതെ കുട്ടികള്‍ ഗെയിമുകള്‍ക്ക് അടിമപ്പെടുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ ശ്രദ്ധിക്കാത്തതാണ് കളികള്‍ മരണക്കളികളാകുന്നതിനുള്ള പ്രധാന കാരണമെന്നും പോലീസ് പറയുന്നു. രക്ഷാകര്‍ത്താക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഏകാഗ്രത ആവശ്യമുള്ളതായതിനാല്‍ ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ചശക്തിയെ ബാധിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നാലിനും പതിനഞ്ചിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയര്‍ ഗെയിം കളിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ഫ്രീ ഫയര്‍ പോലുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകളിലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാന്‍ കഴിയുന്നതിനാലും കുട്ടികള്‍ ഇഷ്ടപ്പെടും. ഗെയിം സൗജന്യവും വേഗതയേറിയതുമാണ്. ഗെയിമുകളില്‍ അടിമയാകുന്നതോടെ പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാര്‍ക്ക് ചാറ്റു ചെയ്യാന്‍ കഴിയും. ഇവരില്‍ പലരും പല ദുരുദ്ദേശ്യം ഉളളവരോ ആവാം.
പല കോണുകളില്‍ നിന്നും ചാറ്റ് ചെയ്യുന്ന അപരിചിതര്‍ ഡാറ്റാ മോഷ്ടാക്കളോ ലൈംഗിക ചൂഷണം നടത്തുന്നവരോ മറ്റ് ദുരുദ്ദേശ്യമുള്ളവരോ ആകാം. യഥാര്‍ഥ കഥാപാത്രങ്ങളെപ്പോലെ അപകടത്തില്‍ മരിക്കുമ്പോള്‍ വിലപിക്കുകയും രക്തം ഒഴുക്കുകയും കാണുമ്പോള്‍ കുട്ടികളുടെ മനസ്സ് അതിനനുസരിച്ച് പ്രതി പ്രവര്‍ത്തിക്കും. കളിയുടെ ഓരോ ഘട്ടം കഴിയുമ്പോഴും വെര്‍ച്വല്‍ കറന്‍സിയും ആയുധങ്ങള്‍ വസ്ത്രങ്ങള്‍ എന്നിവ വാങ്ങാനും മറ്റ് ചൂതാട്ട ഗെയിമുകള്‍ കളിക്കാനുമുള്ള പ്രേരണയും ഫ്രീഫയര്‍ കളിക്കാരെ പ്രലോഭിപ്പിക്കുന്നുണ്ട്.
തുടര്‍ച്ചയായ പരസ്യങ്ങളിലൂടെയോ കളിക്കാര്‍ക്കുള്ള ദൗത്യങ്ങള്‍ മറച്ചുവച്ചോ ഓണ്‍ലൈന്‍ വാങ്ങലുകള്‍ നടത്താനുള്ള സമ്മര്‍ദ്ദം ഇത്തരം ഗെയിമുകളില്‍ കൂടുതലാണ്. ഗെയിമിലെ കഥാപാത്രങ്ങളെ ലൈംഗികവത്കരിച്ചും സ്ത്രീ കഥാപാത്രങ്ങളെ വിവസ്ത്രരാക്കിയും പ്രദര്‍ശിപ്പിക്കുന്നു. ഹാക്കര്‍മാര്‍ക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കാനുള്ള വഴിയും ലഭിക്കുമെന്നും പറയുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെയാണ് എല്ലാ കുട്ടികളും സ്മാര്‍ട്ട് ഫോണിന് അടിമപ്പെടാന്‍ തുടങ്ങിയത്. ഇതോടെയാണ് കുട്ടികള്‍ ഗെയിമുകള്‍ക്ക് അടിപ്പെടാനും മരണക്കെണികളില്‍ അകപ്പെടാനും തുടങ്ങിയത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.