Kerala News

ജനങ്ങളെ കുപ്പിയിലാക്കാന്‍ സര്‍ക്കാരിന്റെ അവസാന ശ്രമം നാളെ, കിട്ടുമോ കൈയ്യടി?

പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ജനങ്ങളുടെ കയ്യടി പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അണിയറയില്‍ ഒരുക്കുന്നത്. സാധാരണക്കാരെയും യുവജനങ്ങളെയും ലക്ഷ്യമിടുന്നതാകും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സര്‍ക്കാരിന്‍റെ കണക്കുകൂട്ടലുകള്‍ വ്യക്തമാക്കുന്ന ബജറ്റ് .

കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി പണം കണ്ടെത്തുമെന്ന പ്രഖ്യാപനമാകും കിഫ്ബിക്ക് ശേഷമുള്ള പ്രധാന ആകര്‍ഷണം. കോവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ടു കേരളത്തിലേക്കു മടങ്ങിയ പ്രവാസികള്‍ക്കു വരുമാനം ഉറപ്പാക്കുന്നതിനും തൊഴില്‍ പോയ സ്വദേശികള്‍ക്കു പകരം തൊഴില്‍ കണ്ടെത്തുന്നതിനുമുള്ള സമഗ്ര പാക്കേജ്. തകര്‍ന്നടിഞ്ഞ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സമഗ്ര പാക്കേജ്. ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വിപുലമായ ക്യാംപെയ്ന്‍.സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരാനിടയുള്ളതിനാല്‍ കുട്ടികള്‍ക്കു സൗജന്യ ഇന്‍റര്‍നെറ്റ് കുറ്റമറ്റ ഇ-ഗവേണന്‍സ്. ഭൂമിയുടെ ന്യായവില, ഒറ്റത്തവണ റോഡ് നികുതി, വെള്ളക്കരം, ഇന്ധനനികുതി, കെട്ടിടനികുതി തുടങ്ങിയവയില്‍ വര്‍ധന ഒഴിവാക്കുമെന്നാണു സൂചന. ഇങ്ങനെ ജനങ്ങളെ സ്വാധീനിക്കാനാനുള്ള കണക്കുപുസ്തകമാകും നാളെ ഐസക് നിയമസഭയില്‍ തുറക്കുക.

കോവിഡ് കാരണം ഏറ്റവും തിരിച്ചടി നേരിട്ട സിനിമാമേഖലയെ രക്ഷിക്കാന്‍ വിനോദനികുതി, വൈദ്യുതി നിരക്കുകളിലെ ഇളവിന്‍റെ കാലാവധി നീട്ടിയേക്കും. കേരളത്തെ എജ്യുക്കേഷന്‍ ഡെസ്റ്റിനേഷന്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ഉന്നത വിദ്യഭ്യാസ മോഖലയില്‍ പ്രഖ്യാപിച്ചേക്കും. കെ.എസ്.ആര്‍.ടി.സിയില്‍ വി.ആര്‍.എസ്, കെ-സ്വിഫ്റ്റ് പദ്ധതികള്‍ നടപ്പാക്കാനും പുതിയ ബസുകള്‍ വാങ്ങുന്നതിനുമുള്ള പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്. വിഴിഞ്ഞം, കോവളം-ബേക്കല്‍, ഉള്‍നാടന്‍ ജലപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, ലൈറ്റ് മെട്രോ, ശബരിമല വിമാനത്താവളം, വാട്ടര്‍ മെട്രോ തുടങ്ങിയ വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവയെ സഹായിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഐസക്കിന്‍റെ കണക്കൂകൂട്ടലുകളില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button