ചരിത്രം സാക്ഷി: ഇടതു സർക്കാരിന്റെ അമരക്കാരനായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തധികാരമേറ്റു
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രണ്ടാം തവണയും വിജയിച്ച ഇടതു സർക്കാരിന്റെ അമരക്കാരനായി പിണറായി വിജയൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും മുഖ്യമന്ത്രിയായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൊല്ലി കൊടുത്തു.
മുഖ്യമന്ത്രിക്ക് ശേഷം സിപിഐയിലെ കെ രാജനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹവും സഗൗരവമാണ് സത്യവാചകം ചൊല്ലിയത്. മൂന്നാമതായി എത്തിയ കേരളാ കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനും ജനതാദളിലെ കെ കൃഷ്ണൻ കുട്ടിയും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ഘടകക്ഷി നേതാക്കളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മറ്റു മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.
തിരുവനന്തപുരെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിൽ ഉച്ചയ്ക്ക് 2.45ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. നവകേരള ഗീതാഞ്ജലിയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. 3.30 ഓടെ ഗവർണർ വേദിയിലേക്ക് എത്തി, തൊട്ടുപിന്നാലെ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു.
കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി. അബ്ദുറഹിമാൻ, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ് എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.
രാജ്ഭവനിലെ ചായസൽക്കാരം കഴിഞ്ഞ് സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം നടക്കും. പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങളും പ്രതീക്ഷിക്കുന്നു. വേദിയിൽ 140 അടി നീളത്തിൽ സ്ഥാപിച്ച എൽഇഡി സ്ക്രീനിൽ ചടങ്ങിനു മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്കാരം പ്രദർശിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു ചടങ്ങിലേക്കു പ്രവേശനം.