ബിനീഷ് കോടിയേരി ഡയറക്ടറായി തുടങ്ങിയ കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പരാതി

ബിനീഷ് കോടിയേരി ഡയറക്ടറായി ബെംഗളൂരുവില്‍ തുടങ്ങിയ രണ്ടു കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ കോശി ജേക്കബ് കേന്ദ്ര ധനകാര്യ സെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും പരാതി നൽകി.
ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറെക്സ് ട്രേഡിങ് എന്നീ രണ്ടു കമ്പനികളാണ് ബെംഗളൂരു ആസ്ഥാനമായി റജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്പനികളുടെ അംഗീകാരം റദ്ദാക്കിയിരുന്നു.
അതേസമയം, ബെംഗളൂരു ലഹരിമരുന്നു കേസിൽ നിലവിലെ സ്ഥിതിയില്‍ കേരള പൊലീസ് അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സർക്കാർ അന്വേഷിക്കില്ല. ഇപ്പോഴത്തെ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തു നിന്ന് അന്വേഷണം വേണോ എന്നതിനെ പറ്റി പരിശോധിക്കും. മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മണി എക്സ്ചേഞ്ച് കമ്പനിയെപ്പറ്റി അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് ആവശ്യപ്പെട്ടിരുന്നു. ഇതേപ്പറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണം. ലഹരിമരുന്ന് ഇടപാടിലെ പണം മാറ്റിയെടുക്കാനാണ് കമ്പനിയെന്ന് സംശയമുണ്ട്. കേസ് അട്ടിമറിക്കാന്‍ ബിജെപി സഹായമുണ്ട്. അതിനാലാണ് കേരളത്തില്‍ അന്വേഷിക്കാത്തതെന്നും ഫിറോസ് ആരോപിച്ചു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയും യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടിലും ബിനീഷ് ഇടനിലക്കാരനാണെന്നും പി.കെ.ഫിറോസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.