ശ്രീലങ്കയിൽ വൻ നാശം വിതച്ച് ബുറെവി വരുന്നു, ഇന്ത്യൻ തീരത്തേക്ക്.

തിരുവനന്തപുരം / ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയിൽ വൻ നാശ നഷ്‌ടം വിതച്ചു. ജാഫ്‌നയിൽ വാൽവെട്ടിത്തുറൈയിൽ നിരവധി വീടുകൾ തകർക്കപ്പെട്ടു. കിളളിഗോച്ചി, മുല്ലൈത്തീവ്, പ്രദേശങ്ങളിൽ കനത്ത പേമാരിയും കാറ്റും തുടരുന്നു. കന്യാകുമാരി തീരത്തിന് 340 കിലോമീറ്റർ അടുത്ത് വരെ ബുറെവിയെത്തി. വ്യാഴാഴ്ച രാത്രി ബുറെവി തമിഴ്‌നാട് തീരം കടക്കും. കന്യാകുമാരി ഉൾപ്പടെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കന്യാകുമാരി, രാമനാഥപുരം, ജില്ലകളിൽ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളി ലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ദേശീയ ദുരന്ത നിവാരണ സേനയെ ഉൾപ്പടെ തീരമേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
അതിതീവ്ര ചുഴലിക്കാറ്റായി രൂപം പ്രാപിച്ച ബുറെവി വെള്ളിയാ ഴ്ച പിലര്‍ച്ചെ തീരം തൊടുന്ന സാഹചര്യത്തില്‍ കേരളം അതീവ ജാഗ്രതയിലാണ്. മുന്‍കരുതലിന്‍റെ ഭാഗമായി പത്തു ചെറുകിട അണക്കെട്ടുകള്‍ തുറന്നു വിട്ടു. മൂന്ന് ഇടത്തരം അണക്കെട്ടുകളില്‍ ജല നിരപ്പ് എണ്‍പതു ശതമാനമായി നിജപ്പെടുത്താന്‍ നിർദേശം നൽകി. 175 കുടുംബങ്ങളി ലായി 690 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. നെയ്യാര്‍, കല്ലട, കക്കി എന്നീ ഇടത്തരം അണക്കെട്ടുകളിലെ ജലനിരപ്പാണ് 80 ശതമാനമായി നിജപ്പെടുത്തുന്നത്. ചെറുകിട അണക്കെട്ടുകളായ നെയ്യാര്‍, അരുവിക്കര, കല്ലട, മലങ്കര, കുണ്ടള, തിരുവാണി, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, കാരാപ്പുഴ എന്നീ അണ ക്കെട്ടുകളാണ് ഇതിനകം തുറന്നുവിട്ടത്. ഈ അണക്കെട്ടുകളുടെ പുഴക്കരകളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി യിട്ടുണ്ട്.
തെക്കൻ കേരളത്തിൽ വ്യാഴാഴ്ച രാത്രി മുതൽ കനത്ത മഴയും, കനത്ത കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 90 കിലോമീറ്രർ ആയിരിക്കും കേരളത്തിൽ പരമാവധി കാറ്റിന്റെ വേഗത കണക്കാ ക്കുന്നത്. കേരളത്തിൽ കടക്കും മുൻപ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ എട്ട് കമ്പനി എൻ ഡി ആർ എഫ് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുകയാണ്. തിരുവനന്തപുരത്ത് പ്രത്യേക കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയുമാണ്.