തോൽവി സമ്മതിച്ചു; നാളെ തല മെട്ടയടിക്കാമെന്ന് ഉടുമ്പൻചോല യുഡിഎഫ് സ്ഥാനാർഥി ഇഎം ആഗസ്തി
തൊടുപുഴ: തോൽവി സമ്മതിച്ചു, നാളെ തല മൊട്ടയടിച്ചേക്കാമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഇ.എം ആഗസ്തി. എം എം മണിയുടെ ലീഡ് 20000 ആയി ഉയർന്നതോടെയാണ് ആഗസ്തി ഇത്തരമൊരു പ്രസ്താവന ഇറക്കിയത്.
തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർഥി മന്ത്രി എം.എം മണി വിജയിച്ചാൽ താൻ തല മൊട്ടയടിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഇ.എം ആഗസ്തി നേരത്തേ പറഞ്ഞിരുന്നു. സർവേകൾക്കെതിരെ ആഗസ്തി വിമർശനം ഉന്നയിച്ചിരുന്നു പേയ്ഡ് സർവേകളാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
മാധ്യമങ്ങളുടെ പേയ്ഡ് സർവേകൾ താൻ വിശ്വസിക്കുന്നില്ല. ഉടുമ്പൻ ചോലയിൽ എം.എം മണി വിജയിക്കില്ല. അദ്ദേഹം വിജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യും. എന്നാൽ സർവേകൾ തെറ്റെന്ന് തെളിഞ്ഞാൽ തല മുണ്ഡനം ചെയ്യാൻ ചാനൽ മേധാവികൾ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
25 വർഷത്തിന് ശേഷമാണ് ഉടുമ്പൻചോല മണ്ഡലത്തിൽ എം.എം മണിയും ഇ.എം ആഗസ്തിയും നേർക്കുനർ പോരാട്ടത്തിനെത്തുന്നത്. 1996ൽ ഇവർ തമ്മിൽ മത്സരിച്ചപ്പോൾ ആഗസ്തിക്കായിരുന്നു വിജയം.