കഷണ്ടിയും കോവിഡും തമ്മിലുള്ള ബന്ധം, സൂക്ഷിക്കണം; പഠനം പറയുന്നത്
കഷണ്ടിക്കാരിൽ കൊറോണ ഗുരുതരമാകാനുള്ള സാധ്യത 2.5 ഇരട്ടി കൂടുതലാണെന്നാണ് പുതിയ പഠന റിപ്പോർട്ട്. 50 വയസ് പിന്നിട്ട പുരുഷന്മാരിൽ ഏതാണ്ട് പകുതിപേർക്ക് കഷണ്ടിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആഡ്രോജൻ റിസെപ്ടർ (എആർ) ജീനിലുണ്ടാവുന്ന വ്യതിയാനങ്ങളാണ് പുരുഷന്മാരിലെ കഷണ്ടിക്ക് കാരണമാകുന്നത്. ഈ ജീനുകളാണ് പുരുഷ ഹോർമോണുകളായ ടെസ്‌റ്റോസ്റ്റിറോണിനേയും ആന്റോസ്റ്റിറോണിനേയും അടക്കം നിയന്ത്രിക്കുന്നത്.
കഷണ്ടിയും കോവിഡും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞതോടെ കോവിഡിനെതിരായ പുതിയ ചികിത്സാ രീതികളിലേക്കും മരുന്നിലേക്കുപോലുമുള്ള സാധ്യതയാണ് തുറക്കുന്നതെന്നും പഠനത്തിന് നേതൃത്വം നൽകിയവർ പറയുന്നു.
TMPRESS2 എന്നുവിളിക്കുന്ന എൻസൈമുകളുടെ കാര്യത്തിലും ആൻഡ്രോജൻ ഹോർമോണുകൾ സ്വാധീനം ചെലുത്താറുണ്ട്. ഈ TMPRESS2 എൻസൈമുകൾക്ക് കോവിഡ്–19 രോഗത്തിന്റെ രൂക്ഷതയേയും സ്വാധീനിക്കാനാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.
കഷണ്ടിയുള്ളവരിലും ഇല്ലാത്തവരിലും വ്യത്യസ്തമായ തോതിൽ കോവിഡ്–19 രൂക്ഷമാകുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് വിശദപഠനത്തിന് ഗവേഷകർ തയാറായത്. കഷണ്ടിയുള്ള കോവിഡ്–19 ബാധിച്ചവരിൽ 79 ശതമാനത്തിനും ഗുരുതരാവസ്ഥയിലേക്ക് പോകുന്നുണ്ട്.
നേരെ മറിച്ച് കഷണ്ടിയില്ലാത്ത ഇതേ പ്രായക്കാരിൽ ഗുരുതരാവസ്ഥയിലേക്ക് പോകുന്നവരുടെ ശതമാനം 31 നും 53നും ഇടക്കാണ്. കോവിഡ്–19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 65 പുരുഷന്മാരിലാണ് സംഘം വിശദമായ പഠനം നടത്തിയത്.
പുരുഷന്മാരിൽ എആർ സിഎജി 22 ന്യൂക്ലിയോടൈഡുകളിലും കുറവായ കോവിഡ് 19 രോഗികളിൽ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ടെന്നാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്.
കോവിഡ് 19 രോഗികളിൽ ഐസിയു പ്രവേശനത്തിന് സാധ്യതയുള്ളവരെ കണ്ടെത്താൻ എആർ സിഎജിയുടെ ന്യൂക്ലിയോടൈഡിന്റെ എണ്ണത്തെ ഒരു ജൈവ സൂചകമായി കണക്കാക്കാനാകുമെന്നാണ് ഗവേഷകർ പറയുന്നത്.
ഇത് കോവിഡ്–19 ചികിത്സയിൽ ആൻഡ്രോജനുകളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ചൂണ്ടിക്കാണിക്കുക കൂടിയാണ് ചെയ്യുന്നതെന്നും ഗവേഷകസംഘത്തിന് നേതൃത്വം നൽകിയ ആൻഡി ഗോരൻ പറയുന്നു.
തങ്ങളുടെ കണ്ടെത്തലുകൾ വഴി കോവിഡ്–19 രോഗത്തിനുള്ള പുതിയ ചികിത്സാ മാർഗം തുറന്നുകിട്ടുമോ എന്നതാണ് ഇപ്പോൾ ഡോ. ഗോരനും സംഘവും വിശദമായി പഠിക്കുന്നത്.
പ്രത്യേകിച്ചും TMPRESS2 എൻസൈമുകൾ വഴി ആൻഡ്രോജൻ ഹോർമോണുകളെ സ്വാധീനിക്കാനാവുമോ എന്നതിലും പരീക്ഷണങ്ങൾ പുരോഗമിക്കുന്നുണ്ട്.
ഈവർഷത്തെ യൂറോപ്യൻ അക്കാദമി ഓഫ് ഡെർമറ്റോളജി ആൻഡ് വെനിറോളജി (EADV) സിംപോസിയത്തിലാണ് ഡോ. ഗോരന്റേയും സംഘത്തിന്റേയും പഠനം പൂർണമായും അവതരിപ്പിച്ചത്.