NationalPolitics

പുതുമുഖങ്ങളെയിറക്കി മുഖംമിനുക്കാന്‍ മോദി സര്‍ക്കാര്‍; കേന്ദ്രമന്ത്രിസഭയിലേക്ക് വരുണ്‍ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും

ന്യൂഡല്‍ഹി: രണ്ടാം മോദി സ‌ര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനസംഘടന തീരുമാനങ്ങള്‍ വൈകാതെയുണ്ടാകുമെന്ന് സൂചന.ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി ബിജെപി ഉന്നതനേതാക്കളുമായും മന്ത്രിമാരുമായും പ്രധാനമന്ത്രി പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.

2019 മേയ് 30ന് അധികാരമേ‌റ്റ മോദി സ‌ര്‍ക്കാരിന് ഇതുവരെ മന്ത്രിസഭാ വികസനം നടത്താന്‍ സാധിച്ചില്ല. ഇതിനിടെ കേന്ദ്രമന്ത്രിയും ജനശക്തി പാര്‍ട്ടി നേതാവുമായ രാം വിലാസ് പാസ്വാനും,സഹമന്ത്രിയായി രുന്ന ബിജെപിയിലെ തന്നെ സുരേഷ് അംഗഡിയും അന്തരിച്ചു.ഇതിന് പുറമേ കാര്‍ഷിക ബില്ലും മറ്റ് പ്രശ്‌നങ്ങളും മൂലം ശിരോമണി അകാലി ദളും,ശിവസേനയും എന്‍.ഡി.എ വിട്ടതോടെ രണ്ട് മന്ത്രിമാരുടെ കൂടി ഒഴിവുണ്ടായി.ഇതോടെ പല മുതിര്‍ന്ന മന്ത്രിമാര്‍ക്കും ഒന്നിലേറെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നു.

എല്ലാ മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രകടനം വിലയിരുത്തിയാകും മന്ത്രിസഭാ വികസനം നടത്തുക. പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ശ്രദ്ധേയരായ നേതാക്കളെയെല്ലാം ഡല്‍ഹിയിലേക്ക് ഇതിനായി വിളിപ്പിച്ചിട്ടുണ്ട്. മുന്‍പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ വിശ്വസ്‌തനും ഇപ്പോള്‍ ബിജെപി എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ, മനേക ഗാന്ധിയുടെ മകനും പീലിഭിത്ത് എം.പിയുമായ വരുണ്‍ ഗാന്ധി, മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ എന്നിവ‌ര്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കും.

ഇതില്‍ ജ്യോതിരാദിത്യ സിന്ധ്യനാല് തവണ ലോക്‌സഭാംഗവും യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രിയുമായിരുന്നു. കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന മറ്റൊരാള്‍ മുന്‍ തൃണമൂല്‍ നേതാവും ഇപ്പോള്‍ ബിജെപി അംഗവുമായ ദിനേശ് ത്രിവേദിയാണ്.ഇവര്‍ക്ക് പുറമേ വരുണ്‍ ഗാന്ധി, ലഡാക്ക് എം.പിയും ബിജെപി നേതാവുമായ ജംയംഗ് സെറിംഗ് നംഗ്യാല്‍, രാജസ്ഥാനില്‍ നിന്നുള‌ള ബിജെപി രാജ്യസഭാംഗം ഭൂപേന്ദര്‍ യാദവ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അശ്വിനി ബൈഷ്‌ണബ് എന്നിവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തും.

2022ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി പ്രാതിനിധ്യവും കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് സൂചന. 57 മന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് നിലവില്‍ മന്ത്രിസഭയിലുള‌ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button