മലയാളം സർവകലാശാല ഭൂമി ഇടപാടിൽ കെ.ടി. ജലീലിന് പങ്കില്ലെന്ന് അദ്ദേഹം പറയുകയാണെങ്കിൽ രേഖകൾ പുറത്തുവിടുമെന്ന് പികെ ഫിറോസ്
മലയാളം സർവകലാശാല ഭൂമി ഇടപാടിൽ കെ.ടി. ജലീലിന് പങ്കില്ലെന്ന് അദ്ദേഹം പറയുകയാണെങ്കിൽ, ജലീൽ നേരിട്ട് ഇടപെട്ട രേഖകൾ പുറത്തുവിടുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുന്നറിയിപ്പ് നൽകി. ഇടപാടിന് പിന്നിൽ വൻ സാമ്പത്തിക തിരിമറിയുണ്ടെന്നും സർക്കാർ ചെലവഴിച്ച പതിനേഴുകോടിയോളം രൂപ ജലീലിൽ നിന്ന് തന്നെ വീണ്ടെടുക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.
സർവകലാശാലയ്ക്ക് വേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഉടമകളിൽ ചിലർ മന്ത്രി വി. അബ്ദുറഹിമാന്റെ സഹോദരന്റെ മക്കളാണെന്നും, ഭൂമി ഇടപാടിൽ ജലീലിന് കമ്മീഷൻ ലഭിച്ചതായും അദ്ദേഹം ആരോപിച്ചു. അത് ജലീൽ നിഷേധിച്ചാൽ തെളിവുകൾ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു.
2019-ലാണ് സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തത്. അന്നുതന്നെ യൂത്ത് ലീഗ് ഇതൊരു അതീവ ദുര്‍ബല പ്രദേശമാണെന്നും ഇവിടെ നിർമ്മാണം നടക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായി ഫിറോസ് ഓർമ്മിപ്പിച്ചു. എന്നാൽ ജലീൽ കണ്ടൽ കാടുകൾ ഒഴിവാക്കി ഭൂമി ഏറ്റെടുത്തുവെന്നായിരുന്നു വിശദീകരിച്ചത്.
17 കോടി 65 ലക്ഷം രൂപയ്ക്ക് സർക്കാർ ഭൂമി ഏറ്റെടുത്തു. 20,000 മുതൽ 40,000 രൂപ വരെയുളള വിപണിവിലയുള്ള സെന്റുകൾ 1,60,000 രൂപയ്ക്കാണ് വാങ്ങിയതെന്ന് ഫിറോസ് ആരോപിച്ചു. “ഈ ഇടപാടിന് നേതൃത്വം കൊടുത്തത് അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലാണ്. ഭൂമി ഏറ്റെടുത്തിട്ട് ഇതുവരെ ഒരു നിർമ്മാണവും ആരംഭിച്ചിട്ടില്ല. ഇത് വ്യക്തമായ സാമ്പത്തിക തിരിമറിയാണ്,” അദ്ദേഹം പറഞ്ഞു.
2026-ൽ ജനകീയ സർക്കാർ അധികാരത്തിലെത്തുമ്പോൾ ജലീലിനെ മറുപടി പറയിക്കുമെന്നും, അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കണമെന്നും ഫിറോസ് ആവശ്യമുന്നയിച്ചു. സംസ്ഥാന സർക്കാർ തന്നെ അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒന്നും മറച്ചുവെച്ചിട്ടില്ല. മുസ്‌ലിം ലീഗിൽ ഒരു വിള്ളൽ ഉണ്ടാക്കാൻ ജലീലിന് സാധിക്കില്ല. യുകെയ്ക്കും കാനഡയ്ക്കും വിസയുണ്ടെന്ന് ട്രോളായി പറഞ്ഞതാണ്, അത് ചില മാധ്യമങ്ങൾ വാർത്തയാക്കി,” എന്നും ഫിറോസ് കൂട്ടിച്ചേർത്തു.
Tag: PK Feroz says documents will be released if KT Jaleel says he has no role in Malayalam University land deal