കത്വ,ഉന്നാവ് പെണ്‍കുട്ടികളുടെ ഒരു കോടി മുക്കിയെന്ന ആരോപണം,യൂസഫ് പടനിലം പാര്‍ട്ടിയിലില്ലെന്ന് പി കെ ഫിറോസ്

മലപ്പുറം: കത്വ-ഉന്നാവ് സംഭവവുമായി ബന്ധപ്പെട്ട പണപ്പിരിവില്‍ യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി മുന്‍ അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് പി.കെ ഫിറോസ്. ആരോപണം ഉന്നയിച്ച യൂസഫ് പടനിലം ഇപ്പോള്‍ പാര്‍ട്ടിയിലില്ലെന്നും യൂസഫിനെ നിയമപരമായി നേരിടുമെന്നും ഫിറോസ് അറിയിച്ചു.
യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസും സി.കെ സുബൈറും കത്വ-ഉന്നാവ് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിലൂടെ കോടി കണക്കിന് രൂപ സമാഹരിച്ചെന്നും ഇതില്‍ നിന്നും 15 ലക്ഷം രൂപ ഫിറോസ് യാത്രയുടെ കടം വീട്ടാന്‍ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. സി.കെ സുബൈര്‍ പണം വടക്കേ ഇന്ത്യയില്‍ യാത്ര നടത്താന്‍ ഉപയോഗിച്ചെന്നും യൂസഫ് ആരോപിച്ചിരുന്നു.
പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെ നേതാക്കളോട് കാര്യം അവതരിപ്പിച്ചപ്പോള്‍ ആറ് മാസത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അടുത്ത വര്‍ഷമായിട്ടും പ്രശ്‌ന പരിഹാരമുണ്ടായില്ലെന്ന് യൂസഫ് പടനിലം ആരോപിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിച്ചതിനാണ് യൂസഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.