
അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ഇന്ത്യയിലെ ആരാധകർക്കും സംഗീതപ്രേമികൾക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്ന് ജഗൻമോഹൻ റെഡ്ഢി കത്തിൽ ചൂണ്ടിക്കാട്ടി.
അമ്പതുവർഷത്തോളം നീണ്ട ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത ജീവിതം ലോക സംഗീത മേഖലയിൽ തന്നെ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങൾ സംഗീതത്തിനുമപ്പുറ
മാണെന്ന് പറയാം. മാതൃഭാഷയായ തെലുങ്കിൽ മാത്രം നിരവധി ഗാനങ്ങൾ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചു.
ആറുതവണ മികച്ച ഗായകനുളള ദേശീയ പുരസ്ക്കാരം എസ്.പി ബാലസുബ്രഹ്മണ്യം നേടിയിട്ടുണ്ട്. തെലുങ്ക് സിനിമയിലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം 25 തവണയാണ് അദ്ദേഹം നേടിയത്. ഇതു കൂടാതെ ആറു ഫിലിംഫെയർ പുരസ്ക്കാരങ്ങളും എസ്.പി ബാലസുബ്രഹ്മണ്യം നേടിയിട്ടുണ്ട്. 2001ൽ പത്മശ്രീയും 2011ൽ പത്മഭൂഷനും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
സംഗീത മേഖലയിലെ പ്രാവീണ്യം കണക്കിലെടുത്ത് ലതാ മങ്കേഷ്ക്കർ, ഭൂപൻ ഹസാരിക, എം.എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാൻ, ഭീംസെൻ ജോഷി എന്നിവർക്ക് നേരത്തെ രാജ്യം ഭാരതരത്ന പുരസ്ക്കാരം നൽകിയിട്ടുണ്ട്. സംഗീതമേഖലയ്ക്കു നൽകിയ അനവധിയായ സംഭാവനകൾ പരിഗണിച്ച് എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന നൽകണമെന്ന് കത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.