പ്ലസ് വണ്‍ സീറ്റ്: കെ.കെ. ശൈലജ പ്രതിപക്ഷത്തിനൊപ്പം
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതിപക്ഷത്തിനൊപ്പം. പ്ലസ് വണിന് ഈ വര്‍ഷം പുതിയ ബാച്ച് അനുവദിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം നിശിതമായി വിമര്‍ശിച്ചു. പ്ലസ് വണിന് സീറ്റ് വര്‍ധിപ്പിക്കുന്നതിനു പകരം മറ്റ് ഉപാധികള്‍ കാണണമെന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെയാകെ ഒരു യൂണിറ്റായി കണ്ട് സീറ്റ് വര്‍ധന നടത്തിയിട്ട് കാര്യമില്ല. ബാച്ചുകള്‍ വര്‍ധിപ്പിച്ച് സീറ്റ് ഉറപ്പാക്കുകയാണ് വേണ്ടത്.
ഇക്കാര്യങ്ങളുന്നയിച്ച് പ്രതിപക്ഷം അടിയന്തിരപ്രമേയം അവതരിപ്പിച്ചു. ഇക്കാര്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി കെ.കെ. ശൈലജ ശ്രദ്ധക്ഷണിക്കലിലൂടെ നിയമസഭയില്‍ രംഗത്തുവന്നു. സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കാതെ ജില്ല അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കണമെന്നായിരുന്നു ശൈലജ ഉന്നയിച്ച ആവശ്യം. പ്രതിപക്ഷം ഉന്നയിച്ച അതേ ആവശ്യം തന്നെ മുന്‍ മന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ ഉന്നയിക്കുകയായിരുന്നു.
സംസ്ഥാന യൂണിറ്റുകളായി കണ്ട് സീറ്റ് തീരുമാനിക്കരുത്. മറിച്ച് ജില്ല- സബ് ജില്ല അടിസ്ഥാനത്തില്‍ സീറ്റുകളുടെ യൂണിറ്റ് കണക്കാക്കി അപര്യാപ്തത പരിഹരിക്കണമെന്നും ശ്രദ്ധക്ഷണിക്കലില്‍ ശൈലജ ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൂടാതെ, സ്വാശ്രയ സ്ഥാപനങ്ങളിലെ അധിക ഫീസ് ഈടാക്കുന്നത് തടയാന്‍ നടപടി വേണമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയോട് കെ.കെ. ശൈലജ ആവശ്യപ്പെട്ടു.
ഇത് തന്നെയായിരുന്നു പ്രതിപക്ഷവും അടിയന്തരപ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്. പ്ലസ് വണ്‍ സീറ്റുകള്‍ കുറവാണെന്നും അധിക സീറ്റുകള്‍ അനുവദിക്കണമെന്നും സമ്മേളനം ഈ വിഷയം ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നേരത്തെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നം ചര്‍ച്ചചെയ്യണമെന്ന് ഷാഫി പറമ്പില്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അധിക ബാച്ചുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി സഭയില്‍ വ്യക്തമാക്കി.