indiaLatest NewsNationalNews

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ; വീണ്ടും സംഘർഷം, തോരണങ്ങൾ നശിപ്പിച്ചു

മണിപ്പൂരിൽ വീണ്ടും സംഘർഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ. ചുരാചന്ദ്പൂരിൽ സന്ദർശനവുമായി ബന്ധപ്പെട്ട് കെട്ടിയ തോരണങ്ങൾ അക്രമികൾ നശിപ്പിച്ചതോടെ പൊലീസ് ഇടപെടുകയും ഏറ്റുമുട്ടലുകൾ ഉണ്ടാകുകയും ചെയ്തു. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകൾ താൽക്കാലികമായി പിൻവലിച്ചിരിക്കുകയാണ്.

8,500 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനായാണ് സെപ്റ്റംബർ 13-ന് മോദി മണിപ്പൂർ സന്ദർശിക്കുന്നത്. സംസ്ഥാനത്ത് കലാപം ആരംഭിച്ചതിന് ശേഷം അദ്ദേഹം ആദ്യമായാണ് എത്തുന്നത്. ഇംഫാലിലും ചുരാചന്ദ്പൂരിലുമായാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്.

സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാനത്ത് കർശനമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മോദിയുടെ ചടങ്ങുകൾ ബഹിഷ്കരിക്കാൻ നിരോധിത സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. ‘ദ കോർഡിനേഷൻ കമ്മിറ്റി’ ഉൾപ്പെടെ ആറ് സംഘടനകളാണ് പ്രധാനമന്ത്രിയുടെ പരിപാടികൾക്കെതിരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മോദി നേരിട്ട് സന്ദർശിക്കാനും പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കാനുമുള്ള സാധ്യതയുണ്ട്.

2023 മെയ് മാസത്തിലാണ് മെയ്‌തേയ്–കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 260-ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അറുപതിനായിരത്തിലേറെ പേർ ഇപ്പോഴും അഭയാർത്ഥി ക്യാമ്പുകളിലാണ്. കലാപം നിയന്ത്രിക്കാനാകാതെ വന്നതോടെ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചിരുന്നു. നിലവിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണമാണ്.

Tag: PM in Manipur today; Clashes again, statues vandalized

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button