indiaLatest NewsNational

വനിതാ ലോകകപ്പ് കിരീടം നേടിയ ടീമിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു. ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ ടീം അംഗങ്ങൾക്ക് പ്രത്യേക സ്വീകരണമൊരുക്കുമെന്ന് ബിസിസിഐ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച ഔദ്യോഗിക ക്ഷണത്തിന് പിന്നാലെയാണ് ഈ തീരുമാനം. മുംബൈയിൽ താമസിക്കുന്ന ടീം അംഗങ്ങൾ നാളെ വൈകിട്ടോടെ ഡൽഹിയിലേക്ക് യാത്രതിരിക്കും.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അവർ അവരവരുടെ വീടുകളിലേക്ക് മടങ്ങും.
ഇന്ന് രാവിലെ ബിഹാറിലെ സർഹസയിൽ പൊതുപരിപാടിയിൽ പങ്കെടുക്കവെ ലോകകപ്പ് വിജയികളായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. “ഇന്നലെ മുംബൈയിൽ ഇന്ത്യയുടെ പെൺകുട്ടികൾ ചരിത്രം സൃഷ്ടിച്ചു. 25 വർഷങ്ങൾക്കുശേഷം വനിതാ ലോകകപ്പിൽ പുതിയ ചാമ്പ്യന്മാരെ ലോകം കണ്ടു. ഇത് കായിക രംഗത്തെ മാത്രമല്ല, ഇന്ത്യൻ വനിതകളുടെ ആത്മവിശ്വാസത്തിന്റെയും പ്രതിഭയുടെയും തെളിവുമാണ്,” എന്ന് മോദി പറഞ്ഞു.
“ഈ പെൺകുട്ടികൾ ഇന്ത്യയുടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിന്നാണ് എത്തിയത്. അവരിൽ പലരും കര്‍ഷകരുടെയും തൊഴിലാളികളുടെയും മധ്യവർഗ കുടുംബങ്ങളുടെയും മക്കളാണ്. അവരെ ഓർത്താൽ രാജ്യത്തിനും എനിക്കും അഭിമാനമാണ്. ലോകകപ്പ് നേടിയ എല്ലാ താരങ്ങളുടെയും രക്ഷിതാക്കളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു,” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ലോകകപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് ബിസിസിഐ ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. വനിതാ ലോകകപ്പ് ജേതാക്കൾക്കായി 51 കോടി രൂപ പാരിതോഷികം ബിസിസിഐ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ടി20 ലോകകപ്പ് ജേതാക്കളായ പുരുഷ ടീം മുംബൈയിൽ ഓപ്പൺ ബസ് വിക്ടറി മാർച്ച് നടത്തിയിരുന്നുവെങ്കിലും, ഐപിഎൽ കിരീടം നേടിയ ആർസിബിയുടെ വിജയഘോഷത്തിനിടെ ഉണ്ടായ തിരക്കിനെയും അപകടങ്ങളെയും പരിഗണിച്ച് ഇത്തവണ വിക്ടറി മാർച്ച് നടത്തണോ എന്ന കാര്യത്തിൽ ബിസിസിഐ ഇപ്പോഴും ചർച്ചയിലാണ്.

Tag: PM invites Women’s World Cup winning team to official residence

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button