കർഷക സമരത്തെക്കുറിച്ച് മാത്രമാണ് എല്ലാവരും പറയുന്നത്, പക്ഷെ എന്തിനാണ് ഈ സമരം നടത്തുന്നതെന്ന് മാത്രം ആരും വ്യക്തമാക്കുന്നില്ല: ലോകം പ്രതീക്ഷയോടെ ഇന്ത്യയെ നോക്കുന്നെന്ന് പ്രധാനമന്ത്രി; പ്രതിപക്ഷത്തിന് വിമർശനം

ന്യൂ ഡെൽഹി: രാജ്യസഭയിലെ മറുപടി പ്രസംഗത്തിൽ കർഷക സമരത്തെ പരാമർശിച്ച് പ്രധാനമന്ത്രി. രാജ്യത്തെ 12 കോടി ചെറുകിട കർഷകർക്കൊപ്പമാണ് കേന്ദ്ര സർക്കാർ. തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് കാർഷിക കടം എഴുതി തളളുന്നു. എന്നാൽ ഇതിന്റെ ഗുണം ലഭിക്കുന്നത് വൻകിട കർഷക്ക് മാത്രമാണെന്നും പ്രധാനമന്ത്രി വിമർശിച്ചു. തന്റെ സർക്കാരിന്റെ പദ്ധതികളെല്ലാം രണ്ടു ഏക്കറിൽ താഴെ കൃഷി ചെയ്യുന്ന രാജ്യത്തെ ചെറുകിട കർഷകർക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ആറരവർഷം കൊണ്ട് വിള ഇൻഷുറൻസ് ഇനത്തിൽ 90,000 കോടി രൂപയാണ് ചെറുകിട കർഷകർക്കായി നൽകിയത്. കിസാൻ ക്രെഡിറ്റ് കാർഡിന്റെ ഗുണഫലം ലഭിച്ചത് 25ദശലക്ഷം കർഷകർക്കാണ്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ പത്തുകോടി കർഷക കുടുംബങ്ങൾക്ക് സഹായം ലഭിക്കുമെന്നം അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയത്തിനേക്കാൾ രാജ്യതാൽപര്യത്തിനാണ് പ്രധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി. കർഷക സമരത്തെക്കുറിച്ച് മാത്രമാണ് എല്ലാവരും പറയുന്നത്. പക്ഷെ എന്തിനാണ് ഈ സമരം നടത്തുന്നതെന്ന് മാത്രം ആരും വ്യക്തമാക്കുന്നില്ല. പ്രസംഗത്തിനിടെ മുൻ പ്രധാനമന്ത്രിയും കർഷക നേതാവുമായിരുന്ന ചരൺസിങി നെ പ്രധാനമന്ത്രി പരാമർശിച്ചു.
പല പ്രതിസന്ധികളിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും പുതുവർഷത്തെ പ്രതീക്ഷകളാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പങ്കുവെച്ചതെന്നും പ്രധാനമന്ത്രി മോദി. രാജ്യത്ത് പുരോഗതിക്കായുളള അവസരങ്ങൾ അനവധിയെന്നും നരേന്ദ്ര മോദി പറഞ്ഞു. രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിന്റെ നടപടിയെ പ്രധാനമന്ത്രി വിമർശിച്ചു. പ്രസംഗം കേൾക്കാൻ സഭയിലുണ്ടാകേണ്ടതായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിനോട് ചില ഉത്തരവാദിത്വം കാണിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് ഇന്ത്യ എന്ന രാജ്യത്തെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്.
കർഷക പ്രക്ഷോഭങ്ങളിലും പ്രതിപക്ഷ പ്രതിഷേധത്തിലും കേന്ദ്ര സർക്കാരിന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും. കൃത്യം 10.30ന് തന്നെ അദ്ദേഹം രാജ്യസഭയിൽ എത്തി. കർഷക പ്രതിഷേധത്തിൽ പതിനഞ്ച് മണിക്കൂർ നീണ്ട് ചർച്ചയാണ് രാജ്യസഭയിൽ നടന്നത്.
രണ്ടുമാസത്തിലേറെയായി ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ ഭാവികൂടി നിർണയിക്കുന്നതാണ് പ്രധാനമന്ത്രി ഇന്നത്തെ പ്രസംഗം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം ഭാവി സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ സംയുക്ത കിസാൻ മോർച്ച ഇന്നു യോഗം ചേരും.
കൊറോണ മഹാമാരിക്ക് എതിരെ നേടിയ വിജയം വ്യക്തി അധിഷ്‌ഠിതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ രാജ്യങ്ങൾക്ക് രാജ്യം വാക്‌സിൻ സൗജന്യമായി നൽകി. കൊറോണ പ്രതിരോധത്തിനായി സംസ്ഥാനങ്ങൾ കഠിനപ്രയത്‌നം നടത്തി. ഇതു ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന്റെ വിജയമാണ്. എല്ലാ സംസ്ഥാനങ്ങളെയും പ്രശംസിക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ തെലുങ്കുദേശം പാർട്ടിയുടെ എം.പിമാർ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പോളിയോക്കെതിരെ രാജ്യം നടത്തിയ പോരാട്ടമാണ് ലോകത്തിലെ വാക്‌സിൻ നിർമാതാവിലേക്ക് ഇന്ത്യയെ എത്തിച്ചത്. ഇന്ന് ലോകത്തിനെല്ലാം ഇന്ത്യ വാക്‌സിൻ നൽകുന്നു.