പത്തൊൻപത് മണിക്കൂറുകളോളം പ്രധാനമന്ത്രി ജോലി ചെയ്യുന്നുണ്ട് ; അതുകൊണ്ട് കൊറോണ പ്രതിരോധത്തിൽ രാഷ്ട്രീയം കലർത്തരുത്
ന്യൂഡൽഹി: വലിയൊരു പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിനിടയിലും രാഷ്ട്രീയം കലർത്തി പ്രതിരോധ പ്രവർത്തനങ്ങളെ വില കുറച്ചു കാട്ടാൻ ശ്രമിക്കുകയാണ് പലരും. ഈ സാഹചര്യത്തെ കണക്കിലെടുത്തു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 18 മുതൽ 19 മണിക്കൂർ വരെ ജോലി ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ.
കൊറോണ പ്രതിരോധത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് മടങ്ങിയെത്തിയ അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും എൻസിപിയുടെയും വിമർശനങ്ങൾക്ക് മറുപടിയായാണ് ഗോയലിന്റെ വാക്കുകൾ. രാജ്യത്തെ കൊറോണ വ്യാപനം കൂടിയ 12 സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ യോഗത്തിന് പിന്നാലെ കേന്ദ്രസർക്കാർ മെഡിക്കൽ ഓക്‌സിജൻ വിതരണത്തിനുള്ള വഴി തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.