ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ഖത്തർ അമീറുമായി ഫോൺ സംഭാഷണം നടത്തി
ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഖത്തർ അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഖത്തറിന്റെ പരമാധികാരത്തെ ലംഘിച്ചുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മോദി വ്യക്തമാക്കി. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു.
ദോഹയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ അറബ് ലോകം തുറന്നുപറഞ്ഞ് ഖത്തറിന് പിന്തുണ നൽകി. യുഎഇ പ്രസിഡന്റ് നേരിട്ട് ദോഹയിലെത്തി ഐക്യദാർഢ്യം അറിയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നാളെ ഖത്തറിലെത്തും. ജോർദാനും ഖത്തറിനോടൊപ്പമാണെന്ന് വ്യക്തമാക്കി. എന്നാൽ ഖത്തറിൽ പരാജയപ്പെട്ട ദൗത്യം പൂർത്തിയാക്കുമെന്ന മുന്നറിയിപ്പ് ഇസ്രായേൽ നൽകി. “ശത്രുക്കൾ എവിടെയുണ്ടായാലും ഇല്ലാതാക്കും” എന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രസ്താവിച്ചു.
പശ്ചിമേഷ്യയിൽ ഹമാസും ഇസ്രായേലും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറിനെതിരായ ആക്രമണം വ്യാപക പ്രതിഷേധം ഉയർത്തി. അന്താരാഷ്ട്ര യുദ്ധനിയമങ്ങൾ ലംഘിച്ച നടപടിയാണെന്ന് സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങൾ വിമർശിച്ചു. ഫ്രാൻസ് ആക്രമണം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. ബ്രിട്ടൻ ഖത്തറിന്റെ പരമാധികാരത്തെതിരായ കടന്നുകയറ്റമാണെന്ന് വിലയിരുത്തി. ചൈന, റഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്വിറ്റ്സർലാൻഡ്, ബെൽജിയം തുടങ്ങി യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേൽ നടപടിയെ അപലപിച്ചു.
Tag: PM Narendra Modi condemns Israeli attack; had a phone conversation with the Emir of Qatar