പ്രധാനമന്ത്രി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന് സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് വാക്സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു.
രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന് കുത്തിവയ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന് സ്വീകരിച്ചത്. “എയിംസില്‍ നിന്ന് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം’ – മോദി ട്വീറ്റ് ചെയ്തു.
60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് വാക്സിനേഷന് ആരംഭിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്
സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന് സൗജന്യമാണ്. ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കുയിരിക്കുന്നത്. കോവിഡ് വാക്സിനേഷന് സെന്ററില്‍ പോയി രജിസ്റ്റര്‍ ചെയ്യുന്ന സൗകര്യം പിന്നീടറിയിക്കുന്നതാണ്.