പി എം ശ്രീ പദ്ധതി ; മന്ത്രിസഭാ യോഗത്തില്‍ എതിർപ്പ് അറിയിച്ച് മന്ത്രിമാർ
യോഗ അജന്‍ഡയില്‍ വിഷയം ഇല്ലാതിരുന്നിട്ടും സിപിഐ മന്ത്രിമാര്‍ പ്രശ്‌നം ഉന്നയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിയോജിപ്പും ആശങ്കകളും മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി സിപിഐ മന്ത്രിമാര്‍. യോഗ അജന്‍ഡയില്‍ വിഷയം ഇല്ലാതിരുന്നിട്ടും സിപിഐ മന്ത്രിമാര്‍ പ്രശ്‌നം ഉന്നയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭാ യോഗത്തിലോ എല്‍ഡിഎഫിലോ ചര്‍ച്ച ചെയ്യാതെ ഫണ്ട് ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നത് ഇടതു നയങ്ങള്‍ക്കു വിരുദ്ധമാണെന്നും വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയമായി അഭിപ്രായങ്ങള്‍ പറയുന്നത് ശരിയായ രീതിയല്ലെന്നും സിപിഐ വ്യക്തമാക്കി.
രാവിലെ മന്ത്രിസഭാ യോഗത്തിനു മുന്‍പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വീട്ടില്‍ പാര്‍ട്ടി മന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. മന്ത്രിസഭായോഗത്തില്‍ വിയോജിപ്പ് അറിയിക്കണമെന്ന നിര്‍ദേശം പാര്‍ട്ടി മന്ത്രിമാര്‍ക്കു നല്‍കുകയും ചെയ്തു. ഇതു രണ്ടാം വട്ടമാണ് സിപിഐ പിഎം ശ്രീക്കെതിരെ മന്ത്രിസഭയില്‍ എതിര്‍പ്പ് ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷവും പദ്ധതിയില്‍ പങ്കാളിയാകാന്‍ സിപിഎമ്മിന്റെ അനുമതിയോടെ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും അന്നത്തെ വകുപ്പ് സെക്രട്ടറി കേന്ദ്രത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിസഭാ യോഗത്തിലെത്തിയപ്പോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍ത്തു. തുടര്‍ന്ന് ചര്‍ച്ച ചെയ്യാനായി മാറ്റുകയായിരുന്നു.
tag:PM Shri Scheme; Ministers express opposition at the Cabinet meeting