indiaLatest NewsNationalNews

പി.എം. ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി.പി.ഐയുമായും മറ്റ് പാർട്ടികളുമായും ചർച്ച നടത്തും; എം.വി. ഗോവിന്ദൻ

പി.എം. ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി.പി.ഐയുമായും മറ്റ് പാർട്ടികളുമായും ചർച്ച നടത്തുമെന്ന് സി.പി.ഐ. (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. പി.എം. ശ്രീ പദ്ധതി ഉൾപ്പെടെ കേന്ദ്രസർക്കാർ സംസ്ഥാനത്ത് നൽകേണ്ട പണം കേരളത്തിന് ലഭിക്കേണ്ടതാണെന്ന കാര്യത്തിൽ തർക്കമില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതലാണ് പദ്ധതികൾക്ക് നിബന്ധനകൾ വന്നുതുടങ്ങിയതെന്നും, എന്നാൽ ഇപ്പോൾ ബി.ജെ.പി. സർക്കാർ വലിയ രീതിയിലുള്ള നിബന്ധനകൾ മുന്നോട്ട് വെച്ച് സംസ്ഥാനത്തിന് ലഭിക്കേണ്ട പണം തടഞ്ഞുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളിലായി ഏകദേശം 8,000 കോടി രൂപയോളമാണ് സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത്. 60% തുക കേന്ദ്രവും 40% സംസ്ഥാനവും വഹിക്കേണ്ട പദ്ധതികളുടെ തുകയടക്കമാണിത്. എല്ലാ മേഖലകളിലും പല നിബന്ധനകൾ വെച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ബുദ്ധിമുട്ടിക്കുകയാണ്. എന്നാൽ ഇതിനെതിരെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പ്രതികരിച്ചിരുന്നില്ലെന്നും, ഇപ്പോഴാണ് പ്രതികരണവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം മുമ്പ് തന്നെ പി.എം. ശ്രീയിൽ ഒപ്പിട്ടിരുന്നു. ഇവിടെ ഇടതുപക്ഷ ജനാധിപത്യ സർക്കാരിനെ അടിക്കാനുള്ള വടി എന്ന നിലയിലാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. ഇത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ്. കേരളത്തിൽ ഒരു വികസനവും നടത്താൻ പാടില്ല എന്ന രീതിയാണ് കോൺഗ്രസിന്റേത്. പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായ നിബന്ധനകൾക്ക് അന്നും ഇന്നും എതിരാണ്. ഒരു തരം സാമ്പത്തിക ഉപരോധമാണ് കേന്ദ്രം കേരളത്തിനെതിരെ നടത്തുന്നത്.

എല്ലാ മേഖലകളിലും ഫണ്ട് കിട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്. ഓരോ മേഖലയിലും നിരവധി നിബന്ധനകൾക്ക് ശേഷമാണ് പണം ലഭ്യമാക്കിയിട്ടുള്ളത്. ഇപ്പോൾ വിദ്യാഭ്യാസ മേഖലയിലെ പി.എം. ശ്രീ സംബന്ധിച്ച പ്രശ്നങ്ങളും ചർച്ച ചെയ്യും. ഭരണപരമായ പ്രശ്നങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ സി.പി.ഐ. അടക്കമുള്ള പാർട്ടികളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐയെ താൻ അപഹസിച്ചു എന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയത് തെറ്റാണെന്നും, പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞതിന് ശേഷമാണ് ഇത്തരം വാർത്തകൾ നൽകിയതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഈ രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tag: PM Shri will hold discussions with CPI and other parties on issues including; MV Govindan

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button