ഓക്സിജന്‍ സിലിണ്ടറുകള്‍ നല്‍കാന്‍ 22 ലക്ഷത്തിന്റെ കാറ് വിറ്റു; ‘ഓക്സിജന്‍ മാന്‍’ ആയി ഷാനവാസ് ഷെയ്ഖ്
ഒക്സിജന്‍ സിലിണ്ടറുകളുടെ അപര്യാപ്തത മിക്ക ആശുപത്രികളിലെയും കോവിഡ് ചികിത്സയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരണപ്പെടുന്ന അവസരത്തില്‍ ദൈവദൂതരെപ്പോലെ സഹായത്തിനെത്തുന്ന ചിലരുണ്ട്. മുംബൈയിലെ ഷാനവാസ് ഷെയഖ് അത്തരം ഒരാളാണ്.
മലാഡ് സ്വദേശിയായ ഇദ്ദേഹത്തെ നാട്ടുകാര്‍ ഇപ്പോള്‍ ‘ഓക്സിജന്‍ മാന്‍’ എന്നാണ് വിളിക്കുന്നത്. ഒറ്റ ഫോണ്‍ കോളിലൂടെ രോഗികള്‍ക്ക് ഓക്സിജന്‍ എത്തിച്ചു നല്‍കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഷാനവാസ്. ഒരു ടീം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷാനവാസിന് സ്വന്തമായി കണ്‍ട്രോള്‍ റൂമും ഉണ്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ കോവിഡിനെതിരായ മുന്നണിപ്പോരാട്ടത്തില്‍ ഇദ്ദേഹവും ഭാഗമാണ്. ഷാനവാസിന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഓക്സിജന്‍ ലഭിക്കാതെ ഓട്ട റിക്ഷയില്‍ വച്ച് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. ഈ ദാരുണ സംഭവമാണ് കോവിഡ് പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ഈ 31 കാരന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്ബ് തന്റെ 22 ലക്ഷം വിലയുള്ള ഫോര്‍ഡ് എന്‍ഡവര്‍ കാറ് വിറ്റാണ് ഓക്സിജന്‍ സിലിണ്ടറുകള്‍ക്കുള്ള പണം കണ്ടെത്തിയത് എന്ന് ഷഹനാവാസ് പറയുന്നു. 160 സിലിണ്ടറുകളാണ് കാറ് വിറ്റ പണം കൊണ്ട് വാങ്ങിയതെന്നും ഇത് പ്രയാസപ്പെടുന്നവര്‍ക്ക് നല്‍കിയെന്നും ഷഹനവാസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമാണ് ഇപ്പോഴത്തെ അവസ്ഥ. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ജനുവരിയില്‍ ഓക്സിജന്‍ ആവശ്യപ്പെട്ടുള്ള ഏതാണ്ട് 50 ഫോണ്‍ കോളുകളാണ് ദിവസേന ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് 500 മുതല്‍ 600 വരെയാണെന്നും ഷഹനവാസ് കൂട്ടിച്ചേര്‍ത്തു.
ഏതാണ്ട് 4000 പേരെ ഇതിനോടകം ഷഹനവാസ് നേതൃത്വം നല്‍കുന്ന സംഘം ഓക്സിജന്‍ നല്‍കി സഹായിച്ചിട്ടുണ്ട്. ഓക്സിജന്‍ സിലിണ്ടര്‍ എങ്ങനെ ഉപയോഗിക്കണം എന്നും സംഘം വിശദീകരിച്ചു നല്‍കുന്നു. ഭൂരിഭാഗം രോഗികളും ഉപയോഗത്തിന് ശേഷം കാലിയായ സിലിണ്ടറുകള്‍ കണ്‍ട്രോള്‍ റൂമില്‍ തിരിച്ച് അയക്കുകയും ചെയ്യുന്നതായി ഷഹനവാസ് പറയുന്നു.