Kerala NewsLatest NewsNational

കൂത്തുപറമ്പില്‍ സമാധാന സന്ദേശയാത്ര നടത്തുമെന്ന് എല്‍.ഡി.എഫ്

പാനൂര്‍: പുല്ലൂക്കരയിലെ യൂത്ത്​ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മരണത്തെ രാഷ്​ട്രീയ ക്യാംപയിനായി മാറ്റാനാണ് യു.ഡി.എഫ് ശ്രമമെങ്കില്‍ രാഷ്​ട്രീയമായി തന്നെ നേരിടുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചത് മുതല്‍ കൂത്തുപറമ്പ് മണ്ഡലത്തിലുടനീളം നിരവധി അക്രമങ്ങളാണ് ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. കള്ളവോട്ട്​ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ എലാങ്കോട്ടും പുത്തൂരുമായി രണ്ട് ലീഗുകാര്‍ പിടിക്കപ്പെട്ടു.

മേഖലയില്‍ കലാപം സൃഷ്​ടിക്കാനുള്ള ലീഗ്​ നിക്കങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാധാന സന്ദേശയാത്ര നടത്തും. തിങ്കളാഴ്ച ഉച്ച രണ്ടരക്ക് കടവത്തൂരില്‍നിന്ന്​ ആരംഭിക്കുന്ന യാത്ര സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. മുക്കില്‍പീടിക, അണിയാരം ബാവാച്ചി റോഡുവഴി വൈകീട്ട് അഞ്ചരയോടെ പെരിങ്ങത്തൂരില്‍ സമാപിക്കും.

കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ കെ.കെ. പവിത്രന്‍, കെ.ഇ. കുഞ്ഞബ്​ദുല്ല, രവീന്ദ്രന്‍ കുന്നോത്ത്, കെ.കെ. ബാലന്‍, കെ.ടി. രാഗേഷ്, കെ. രാമചന്ദ്രന്‍, ജ്യോത്സ്​ന, കെ. മുകുന്ദന്‍, എന്‍. ധനഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button