കൊവിഡ് കേരളം ഡൽഹിയെ കണ്ട് പഠിക്കണമെന്ന കവി കെ.സച്ചിദാനന്ദന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തു.

ന്യൂഡൽഹി: കൊവിഡ് രോഗബാധയുടെ കാര്യത്തിൽ കേരളം ഡൽഹിയെ കണ്ട് പഠിക്കണമെന്ന കവി കെ.സച്ചിദാനന്ദന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായി. കൊവിഡ് രോഗബാധയുടെ പേരിൽ കേരളം സ്വന്തം ജനങ്ങളെ ഭയക്കുകയാണെന്നും ഇക്കാര്യത്തിൽ സംസ്ഥാനം ഡൽഹിയെ കണ്ട് പഠിക്കണമെന്നും അഭിപ്രായപ്പെട്ട് കവി കെ.സച്ചിദാനന്ദൻ, തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയ കുറിപ്പ് ആണ് വിവാദമായതോടെ മണിക്കൂറുകൾക്കകം പിൻവലിച്ചത്. ഡൽഹിയിലും രോഗമുണ്ടെന്നും എന്നാൽ കേരളത്തിലേത് പോലെയുള്ള ഭയപ്പാട് ഇവിടെയില്ലെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചിരുന്നു. കേരളത്തിലേത് പോലെ രോഗികൾക്ക് ഡൽഹിയിൽ ഒറ്റപ്പെടൽ അനുഭവിക്കേണ്ടതായി വരാറില്ലെന്ന് തനിക്ക് ഡൽഹിയിലാണ് കൂടുതൽ ശാന്തത തോന്നുന്നതെന്നും കവി കുറിപ്പിൽ വിശദീകരിച്ചിരുന്നു. കേരളത്തിലെ ഭീതിക്ക് കാരണം ഒരു പരിധിവരെ പൊലീസിന്റെ അമിതാവേശവും ഒറ്റപ്പെടുമെന്നും കുറ്റപ്പെടുത്തുമെന്നുമുള്ള രോഗികളുടെ ഭയവുമാണെന്നും ഡൽഹിയിൽ പൊലീസിന്റെ ഇടപെടൽ കുറവാണെന്നും കൺടെയിന്മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതുപോലും പൊലീസാണെന്നും സച്ചിദാനന്ദൻ പറയുകയുണ്ടായി.
കേരളം ഡൽഹിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം കുറിച്ച്. എന്നാൽ കവിയുടെ കുറിപ്പ് ചർച്ചയായതോടെ കുറിപ്പ് അദ്ദേഹം ഡിലീറ്റ് ചെയ്യുകയായിരുന്നു. പകരമായി മറ്റൊരു കുറിപ്പ് അദ്ദേഹംപോസ്റ്റ് ചെയ്തു. തന്റെ മുൻപത്തെ പോസ്റ്റ് വലതുപക്ഷ, ഇടത് വിരുദ്ധ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടുവെന്നും അതിനാൽ പോസ്റ്റ് നീക്കം ചെയ്തുവെന്നുമാണ് പുതിയ പോസ്റ്റിലൂടെ സച്ചിദാനന്ദൻ പറയുന്നത്. രോഗികൾ അനുഭവിക്കുന്ന ഒറ്റപ്പെടലുകളിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് താൻ ശ്രമിച്ചതെന്നും രോഗത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ ഒപ്പം തന്നെയാണ് താൻ നിലകൊള്ളുന്നതെന്നും കവി പുതിയ കുറിപ്പിലൂടെ പറഞ്ഞു.