നഴ്സിങ്ങ് വിദ്യാർത്ഥിനിയുടെ മരണം, നാട്ടുകാർ സമരത്തിൽ.

ആറാട്ടുപുഴ പെരുമ്പള്ളിയിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന യുവതി ആത്മഹത്യക്ക് കാരണമായ പ്രതിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ പോലീസ് കാട്ടുന്ന അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
നഴ്സിങ് വിദ്യാർഥിനിയായിരുന്ന യുവതി ആത്മഹത്യ ചെയ്തതിനു പിന്നിലെ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ബന്ധുക്കളും, നാട്ടുകാരുമാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രണയ നൈരാശ്യത്തിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള യുവാവിനെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. എന്നാൽ ഓഡിയോ സന്ദേശങ്ങളിൽ പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയെന്ന് വ്യക്തമായി പരാമർശമുള്ള യുവാവിനെതിരെ നടപടി ഇല്ലെന്നാരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടി കാണിച്ച് യുവതിയുടെ മാതാപിതാക്കൾ ഡിവൈഎസ്പി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.

തൃക്കുന്നപ്പുഴ പൊലീസിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി. പരാതിയുമായി സ്റ്റേഷനിലെത്തിയ ബന്ധുക്കളെ പോലീസ് മാനസീകമായി പീഡിപ്പിക്കുകയും പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുകയും ഉണ്ടായെന്നു ബന്ധുക്കൾ ആരോപിക്കുന്നു.
സെപ്തംബർ 11 നാണ് ആറാട്ടുപുഴ പെരുമ്പള്ളില്‍ മുരിക്കില്‍ ഹൗസില്‍ വിശ്വനാഥന്റെയും ഗീതയുടെയും മകള്‍ 21 കാരി അർച്ചനയെ വിഷക്കായ കഴിച്ച് വീട്ടിൽ അവശനിലയിൽ കാണപ്പെട്ടത്. താൻ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശം കാമുകനായിരുന്ന യുവാവിന് അയച്ച ശേഷം ഡിലീറ്റ് ചെയ്തിരുന്നു. യുവാവ് സുഹൃത്തിനെ പെൺകുട്ടിയുടെ വീട്ടിലേക്ക് അയച്ചിരുന്നെങ്കിലും വീട്ടിലെത്തിയപ്പോഴേയ്ക്ക് ഗുരുതരാവസ്ഥയിലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.
പട്ടോളി മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന യുവാവുമായി വർഷങ്ങളായി യുവതി പ്രണയത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. പ്ലസ്‌ടു കഴിഞ്ഞ സമയത്ത് യുവാവ് വീട്ടിൽവന്ന് വിവാഹാലോചന നടത്തി. വീട്ടുകാർ പെൺകുട്ടിയെ പഠിപ്പിക്കണമെന്നും ഇപ്പോൾ വിവാഹം നടത്താനാവില്ലെന്നും അറിയിച്ചു. പെൺകുട്ടി ബിഎസ്‍സി നഴ്സിങ് അവസാനവർഷം പഠിക്കുന്നതിനിടെ വീണ്ടും വിവാഹാലോചന നടത്തി. പഠനം കഴിഞ്ഞ് വിവാഹം നടത്താമെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. ഇതിനിടെ ഉയർന്ന സ്ത്രീധനം വേണമെന്ന് യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിക്കുന്നു. 30 പവൻ സ്വർണവും പണവും നൽകാമെന്നു പറഞ്ഞെങ്കിലും യുവാവ് വേറെ വിവാഹത്തിന് ശ്രമിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. വിവാഹ വാഗ്ദാനം നൽകി പിന്മാറിയതിൽ മനംനൊന്ത് താൻ ആത്മഹത്യ ചെയ്യുമെന്ന് യുവതിപറഞ്ഞിരുന്നുവത്രെ.
മറ്റൊരു യുവതിയുമായി യുവാവിന്റെ വിവാഹം നിശ്ചയിക്കുന്നതിന് ബന്ധുക്കൾ ഒത്തുചേർന്ന ദിവസമായിരുന്നു യുവതിയുടെ ആത്മഹത്യ എന്നും ബന്ധുക്കൾ ആരോപിക്കുന്നു. യുവാവുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്ന ഓഡിയോ പുറത്തു വന്നതോടെയാണ് ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയത്.
പ്രതിഷേധ സമരം എഐടിയുസി സംസ്ഥാന സെക്രട്ടറി ആര്‍.പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.ബെന്നി അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് എം.ലിജു, ജില്ലാ പഞ്ചായത്തംഗം ബബിത ജയന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.ശ്യാംകുമാര്‍, എസ്.സദാശിവൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. നടപടി ഇല്ലാത്ത പക്ഷം അടുത്ത ദിവസം പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാർ വ്യക്തമാക്കിയിരിക്കുകയാണ്.