Kerala NewsLatest News

മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ല; അന്വേഷിക്കുന്നത് സാഹചര്യ തെളിവുകള്‍ വെച്ചെന്ന് ഹൈകോടതിയില്‍ പൊലീസ്

സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിംപ്യന്‍ മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് ഹൈകോടതിയില്‍ പൊലീസ്. 2016-ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ല. അതുകൊണ്ടുതന്നെ സാഹചര്യത്തെളിവു വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതു സംബന്ധിച്ച റിപോര്‍ട് പൊലീസ് ഹൈകോടതിയില്‍ സമര്‍പിച്ചു.

അതിനിടെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കാണിച്ച്‌ പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെ ഹൈകോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് എസ് പി പൂങ്കുഴലി ഹൈകോടതിയില്‍ അന്വേഷണ റിപോര്‍ട് സമര്‍പിച്ചത്. ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ തന്നെ കേസില്‍ വിശദമായ അന്വേഷണം വേണമെന്നും റിപോര്‍ടില്‍ പറയുന്നു. 

റിപോര്‍ടില്‍ പറയുന്നത്;

കേസില്‍ ശാസ്ത്രീയ തെളിവുകളില്ല. സംഭവം നടന്നതായി പറയുന്നത് 2016-ല്‍ ആണ്. പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങള്‍ എടുത്തുവെന്നുമാണ് പരാതി. അഞ്ചുവര്‍ഷം മുന്‍പത്തെ ടവര്‍ ലൊകേഷനോ ഫോണുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളോ ഇപ്പോള്‍ ലഭ്യമല്ല. ആ സാഹചര്യത്തില്‍ പരാതി ശാസ്ത്രീയമായി തെളിയിക്കാനാവില്ല.

പ്രതി ആശുപത്രിയില്‍ എത്തിയതായി പറയുന്നുണ്ട്. ആ സമയത്ത് ആശുപത്രിയില്‍ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെയായിരുന്നു പ്രതിയുടെ മൊബൈലിന്റെ ടവര്‍ ലൊകേഷന്‍ എന്നാണ് ഇപ്പോള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ കാര്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഉള്‍പെടുത്തിയാണ് റിപോര്‍ട് സമര്‍പിച്ചിരിക്കുന്നത്.

അതിനിടെ പരാതിയില്‍ അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും മയൂഖാ ജോണി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി, അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണിച്ച്‌ ഹൈകോടതിയില്‍ പരാതി നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button