“പോലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്”; കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പ്രതികരിച്ചു. “പോലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്” എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതേസമയം, ജാമ്യാപേക്ഷ നൽകുന്നതിനെക്കുറിച്ച് ഇന്ന് ഹൈക്കോടതി തീരുമാനിക്കാനാണ് സാധ്യത. കോൺഗ്രസ് എംഎൽഎമാരായ റോജി എം ജോണും സജീവ് ജോസഫും ഇപ്പോഴും ഛത്തീസ്ഗഢിൽ തുടരുന്നു.
ബിജെപി നേതാവ് അനൂപ് ആന്റണി വീണ്ടും ആഭ്യന്തര മന്ത്രിയെ കണ്ട് ചർച്ച നടത്തും. കന്യാസ്ത്രീകളുടെ ബന്ധുക്കളും ഛത്തീസ്ഗഢിൽ സാന്നിധ്യമറിയിച്ചിരിക്കുകയാണ്.
അറസ്റ്റിന്റെ വിഷയത്തിൽ പാർലമെന്റിലും പ്രതിഷേധം ശക്തമാകുമെന്നാണ് സൂചന. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും നോട്ടീസ് നൽകാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ശൂന്യവേളയിൽ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ് എന്നിവർ ലോക്‌സഭയിൽ വിഷയമുയർത്തിയിരുന്നു. പാർലമെന്റിന് പുറത്ത് കൂടി പ്രതിഷേധം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ജാമ്യം അനുവദിച്ചാൽ മതപരിവർത്തനം ആവർത്തിക്കുമെന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഛത്തീസ്ഗഢ് സർക്കാരിന്റെ വാദം. അധികാരികളെ അറിയിക്കാതെ ആദിവാസി കുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നുമാണ് പ്രോസിക്യൂഷൻ ദുര്‍ഗ് സെഷൻസ് കോടതിയിൽ പറഞ്ഞത്. സെഷൻസ് കോടതിയുടെ ഉത്തരവിൽ, ജാമ്യാപേക്ഷയെ സർക്കാർ എതിര്‍ത്തില്ലെന്ന ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ വാദം തള്ളിക്കളഞ്ഞു.
Tag: “Police are doing their job”; Chhattisgarh CM justifies nuns’ arrest