പൊലീസിനെ ആക്രമിച്ച കേസ്; പി.കെ. ഫിറോസിന്റെ സഹോദരൻ പി.കെ. ബുജൈർ പിടിയിൽ
pk bujair
കോഴിക്കോട് പൊലീസിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പതിമംഗലം സ്വദേശിയും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരനുമായ പി.കെ. ബുജൈറാണ് പിടിയിലായത്. ലഹരി ഇടപാട് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ബുജൈർ ആക്രമണമാരംഭിച്ചുവെന്നാണ് വിവരം.
ബുജൈറിന്റെ കൈവശം ലഹരി മരുന്ന് ഉപയോഗത്തിനുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എന്നാൽ വാഹന പരിശോധനയിലും ദേഹ പരിശോധനയിലും ലഹരി കണ്ടെത്താനായില്ല. അറസ്റ്റിലായ ബുജൈറിനെ ഉടൻ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിക്കും.
ഈ സംഭവത്തെ തുടർന്ന് രാഷ്ട്രീയ രംഗത്തും പ്രതികരണങ്ങൾ ഉയർന്നു. പി.കെ. ബുജൈറിന്റെ അറസ്റ്റിനെ തുടർന്ന് സഹോദരൻ പി.കെ. ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച് മാതൃക കാണിക്കുമോ? എന്ന ചോദ്യമുയർത്തി സി.പി.എം നേതാവ് ബിനീഷ് കോടിയേരി പ്രതികരിച്ചു.
പി.കെ. ഫിറോസിന്റെ പങ്കും, ബുജൈറിന് ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണമെന്നും ബിനീഷ് ആവശ്യപ്പെട്ടു. മുൻപ് വിവിധ കേസുകളിൽ ഫിറോസും യൂത്ത് ലീഗും എടുത്ത നിലപാട് ഇപ്പോഴും ആവർത്തിക്കുമോയെന്നത് ധാർമികമായ ചർച്ചയായിരിക്കുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയും ബിനീഷ് കോടിയേരി വിമർശനം ഉന്നയിച്ചു. “പി.കെ. ഫിറോസിന്റെ മുൻ പ്രസ്താവനകൾ പ്രകാരം, രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങൾ ഇത്തരം കേസുകളിൽ ഉൾപ്പെട്ടാൽ, നേതാവ് തന്നെ സ്ഥാനമൊഴിഞ്ഞ് മാതൃക കാണിക്കണം. നേതൃസംഘം ഫിറോസിന് രാജിവെക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് വിശ്വസിക്കുന്നു,” എന്നാണ് ബിനീഷ് തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.
Tag: Police attack case; PK Feroz’s brother PK Bujair arrested