CovidKerala NewsLatest News

കേന്ദ്രത്തിന് കത്തയച്ച്‌ കേരളം ,കേരളത്തിലെ വാക്സിന്‍ സ്റ്റോക്ക് രണ്ട് ദിവസത്തേക്ക് മാത്രം

കണ്ണൂര്‍: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കുള്ള കൊറോണ വൈറസ് വാക്‌സിന്‍ മാത്രമാണുള്ളതെന്നും വാക്‌സിന്‍ വിതരണം തുടരുന്നതിന് വേണ്ടി കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ വാക്‌സിന്‍ ദൌര്‍ലഭ്യത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ച് ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ദിവസേന കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ഓരോ ജില്ലകളിലും അതനുസരിച്ചുള്ള പ്ലാനിംഗ് ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിച്ച് കഴിഞ്ഞതായും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് തലത്തില്‍ കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളെല്ലാം ശക്തമാക്കുമെന്നും വാര്‍ഡ് തലത്തിലുള്ള നിരീക്ഷണം ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. അതേ സമയം തന്നെ കൊവിഡ് ബാധിച്ചവരുടെ ക്വാറന്റൈന്‍ ഉറപ്പാക്കുമെന്നും വീടുകളില്‍ മുറിയോട് ചേര്‍ന്ന് ശുചിമുറികളുള്ളവരെ മാത്രമേ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിക്കുകയുള്ളൂവെന്നും ഇതോടെ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റും. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. അതേ സമയം പെട്ടെന്ന് കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് ആവശ്യമായ ഇടപെടല്‍ നടത്തും. നേരത്തെ ചെയ്തതുപോലെ കോണ്ടാക്ട് ട്രേസിംഗ് ശക്തമാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button