ടിവികെ ജനറല്‍ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു ; മതിയഴകന്‍ ഒളിവില്‍ ?
മതിയഴകന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് അറിയിച്ചു.

ചെന്നൈ: കരൂർ ടി വി കെയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 39 പേര്‍ മരിച്ച സംഭവത്തില്‍ ടിവികെ ജനറല്‍ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. എന്‍ ആനന്ദിനെതിരെയാണ് കേസ്. കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ ഉള്‍പ്പെടെ നാലുപേരാണ് കേസിലെ പ്രതികള്‍. പൊലീസ് കേസെടുത്തതോടെ മതിയഴകന്‍ ഒളിവില്‍ പോയെന്നാണ് വിവരം. മതിയഴകന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് അറിയിച്ചു.
ഉദയനിധി സ്റ്റാലിന്‍ കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ദുരന്തബാധിതരെ സന്ദര്‍ശിച്ചിരുന്നു. മോര്‍ച്ചറി പരിസരത്തെത്തി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും ഉദയനിധി കണ്ടു. തമിഴ്‌നാട് വിദ്യാഭ്യാസവകുപ്പ് മന്ത്രി അന്‍ബില്‍ മഹേഷും സെന്തില്‍ ബാലാജി എംഎല്‍എയും മറ്റ് ഡിഎംകെ നേതാക്കളും ഉദയനിധിക്കൊപ്പമുണ്ടായിരുന്നു. കരൂരിലെ ദുരന്തം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്ന് ഉദയനിധി പറഞ്ഞു. റിട്ട. ജസ്റ്റിസ് അരുണ ജഗദീഷിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും കൃത്യമായി അന്വേഷണം നടക്കും, ജനങ്ങള്‍ സത്യം തിരിച്ചറിയുമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. അന്വേഷണ കമ്മീഷന്‍ ഉച്ചയോടെ കരൂരിലെത്തും. ഇത്തരത്തിലുളള പരിപാടികള്‍ നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാരും പൊലീസും കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരിപാടികള്‍ സംഘടിപ്പിക്കുന്നവരാണ് അത് കൃത്യമായി പാലിക്കേണ്ടതെന്നും ഉദയനിധി പറഞ്ഞു.
അതേസമയം, വിജയ് പാര്‍ട്ടിയിലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിജയ്‌യും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചേക്കും. വിജയ്‌യുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സേനയുടെ ഒരു സംഘം കൂടി വിജയ്‌യുടെ വീട്ടിലെത്തി.
ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ വിജയ്യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. കരൂര്‍ ദുരന്തത്തില്‍ 17 സ്ത്രീകളും അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ഉള്‍പ്പെടെ 39 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 111 പേര്‍ ചികിത്സയില്‍ തുടരുകയാണ്.