രോഗികളായ മാതാപിതാക്കളെ വാഹനത്തിൽ കയറ്റാൻ റോഡ് സൈഡിൽ കാർ നിർത്തിയതിന് പൊലീസ് പിഴ ചുമത്തി; മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി
രോഗികളായ മാതാപിതാക്കളെ വാഹനത്തിൽ കയറ്റാൻ റോഡ് സൈഡിൽ കാർ നിർത്തിയതിന് പൊലീസ് പിഴ ചുമത്തിയെന്നാരോപിച്ച് മലയിൻകീഴ് സ്വദേശി പ്രസാദ് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകി. സംഭവം തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിന് മുന്നിലാണ് നടന്നത്.
വാഹനം പാർക്ക് ചെയ്തിരുന്നില്ലെന്നും, മാതാപിതാക്കൾ കയറുന്നതിനുശേഷം ഉടൻ നീക്കാമെന്ന് അറിയിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥൻ ചെവിക്കൊണ്ടില്ലെന്നാണ് പ്രസാദിന്റെ പരാതി. കാർ നിർത്തുന്നത് കണ്ടയുടൻ ഡോർ വലിച്ച് തുറന്ന് കാറിനകത്ത് കയറിയ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും അദ്ദേഹം ആരോപിക്കുന്നു.
ഓൺലൈനായി പിഴ അടയ്ക്കാനാകുമായിരുന്നിട്ടും, രോഗികളായ മാതാപിതാക്കളെ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ നിർത്തേണ്ടി വന്നുവെന്നും പരാതിയിൽ പറയുന്നു. അനാവശ്യമായ പിഴ ചുമത്തുകയും പൊലീസിന്റെ ഭാഗത്ത് നിന്ന് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പ്രസാദ് പരാതിയിൽ വ്യക്തമാക്കുന്നത്.
Tag: Police fined for stopping car on roadside to pick up sick parents; Complaint filed with CM and DGP