ചേർത്തല സ്വദേശിനി ഐഷയുടെ തിരോധാനക്കേസിലും പ്രതി സെബാസ്റ്റ്യനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

ചേർത്തല സ്വദേശിനി ഐഷയുടെ തിരോധാനക്കേസിലും പ്രതി സെബാസ്റ്റ്യനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇതോടെ സെബാസ്റ്റ്യൻ ഇപ്പോൾ മൂന്ന് കൊലക്കേസുകളിലെ പ്രതിയാണ് സെബാസ്റ്റ്യൻ. സെബാസ്റ്റ്യന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയുടെ തിരോധാനക്കേസും, ബിന്ദു പത്മനാഭന്റെ തിരോധാനവും നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ചേർത്തല ഐഷയുടെ കേസിൽ അന്വേഷണ ചുമതല ചേർത്തല പൊലീസ് വഹിച്ചുവരികയായിരുന്നു. ഇതിനിടെ റിമാൻഡിലായിരുന്ന സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനിടെ ഐഷയേയും താൻ കൊലപ്പെടുത്തിയതായി സമ്മതിച്ചതായാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഷയുടെ തിരോധാനക്കേസിനെ കൊലപാതകക്കേസാക്കി മാറ്റി, സെബാസ്റ്റ്യനെ പ്രതിചേർത്ത് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇതോടെ സെബാസ്റ്റ്യന്റെ അറസ്റ്റ് ഈ കേസിലും രേഖപ്പെടുത്തും. അന്വേഷണസംഘം അടുത്ത ഘട്ടത്തിൽ ഐഷയെ എങ്ങനെ, എന്തിന് കൊലപ്പെടുത്തി എന്നതടക്കമുള്ള വിശദാംശങ്ങൾ വ്യക്തമാക്കുമെന്ന് സൂചിപ്പിച്ചു.
2012ലാണ് ചേർത്തല സ്വദേശിനി ഐഷയെ കാണാതായത്. ഇതിന് മുൻപ് സെബാസ്റ്റ്യൻ ബിന്ദുവിനെ കൊലപ്പെടുത്തിയതായും ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇവയുടെ ഡിഎൻഎ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിക്കുമ്പോൾ കേസ് നിർണായകഘട്ടത്തിലേക്ക് കടക്കും എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
Tag: Police have also charged Sebastian with murder in the disappearance case of Cherthala native Aisha